ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധി ഇന്ന് ലോക്‌സഭയില്‍ ഒരു പടം ഉയര്‍ത്തിക്കാണിച്ചു. 2016 ല്‍ അദാനിയും മോഡിയും ഒരുമിച്ചിരിക്കുന്ന പടം. അദാനി-മോഡി ബന്ധത്തെക്കുറിച്ച് രാഹുല്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. രാഹുലും സര്‍ക്കാരും തമ്മിലുള്ള പോരിനും ഇതിടയാക്കി.
ഈ ചിത്രത്തിന് ഒരു കഥയുണ്ട്. അത് തുറന്നുപറഞ്ഞത് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന മുഹമ്മദ് സുബൈര്‍.
വിഭവ് കാന്ത് ഉപാധ്യായ എന്നയാളുടെ വെബ്‌സൈറ്റിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് സുബൈര്‍ പറയുന്നു. ആറ് വര്‍ഷമായി ആ വെബ്‌സൈറ്റില്‍ ഈ ചിത്രമുണ്ടായിരുന്നു. 2017 സെപ്റ്റംബര്‍ 18 നാണ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രം വൈറലായതോടെ അദ്ദേഹം ഇത് വെബ്‌സൈറ്റില്‍നിന്ന് ഡിലീറ്റ് ചെയ്തു.
ഈ ചിത്രമാണ് രാഹുല്‍ അദാനിയും മോഡിയും തമ്മില്‍ കാലങ്ങളായി ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പുറത്തുവിട്ടത്.
രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ അദാനി വിഷയം ഉന്നയിച്ച് പ്രധാനമന്ത്രിക്കും, കേന്ദ്ര സര്‍ക്കാരിനുമെതിരെ രാഹുല്‍ ഗാന്ധി നടത്തിയത് ഗുരുതരമായ ആക്ഷേപങ്ങളാണ്. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞെന്ന് വ്യക്തമാക്കിയായിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്.
കശ്മീരിലെയും, ഹിമാചല്‍ പ്രദേശിലെയും ആപ്പിളുകള്‍ മുതല്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, നമ്മള്‍ നടക്കുന്ന റോഡുകള്‍ എന്നിവയെ കുറിച്ചെല്ലാം സംസാരിക്കുന്നത് അദാനിയാണ്.
ഒരു നിയമം ഉണ്ടായിരുന്നു, മതിയായ മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് വിമാനത്താവളങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത് എന്ന്. ഈ നിയമം മാറ്റിയത് അദാനിക്ക് വേണ്ടിയാണ്. ആറ് വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കി. ഇന്ത്യയിലെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന മുംബൈ വിമാനത്താവളം ജിവികെ ഗ്രൂപ്പില്‍നിന്ന് തട്ടിയെടുത്തു. ഇതിനായി ഇ ഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുവെന്നും രാഹുല്‍ ആരോപിച്ചു.
അദാനിക്ക് പ്രതിരോധ മേഖലയില്‍ മുന്‍പരിചയമില്ല. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ആരോപണങ്ങള്‍ തള്ളി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ 126 വിമാനങ്ങളുടെ കരാര്‍ അനില്‍ അംബാനിക്കാണ്. അദാനി ഡ്രോണുകള്‍ നിര്‍മിച്ചിട്ടില്ല, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിനും ഇന്ത്യയില്‍ മറ്റ് കമ്പനികള്‍ക്കും അതിന് കഴിയും. എന്നാല്‍ മോഡി ഇസ്രയേലിലേക്ക് പോയി ആ കരാര്‍ അദാനിക്ക് നല്‍കിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഓസ്ട്രേലിയയിലേക്ക് പോയി, മാജിക്ക് എന്നോണം ഇതിന് പിന്നാലെ അദാനിക്ക് എസ് ബിഐ ഒരു ദശലക്ഷം ഡോളര്‍ വായ്പ ലഭിച്ചു. മോഡി ബംഗ്ലാദേശിലേക്ക് പോയി. അദാനി ബംഗ്ലാദേശ് പവര്‍ ഡെവലപ്പ്മെന്റ് ബോര്‍ഡുമായി 25 വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ശ്രീലങ്കയിലെ കാറ്റാടി വൈദ്യുത പദ്ധതി അദാനിക്ക് ലഭിക്കാന്‍ പ്രസിഡന്റായിരുന്ന രജപക്സയ്ക്ക് മേല്‍ പ്രധാനമന്ത്രി മോഡി സമ്മര്‍ദം ചെലുത്തി. 2022 ല്‍ ശ്രീലങ്കന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
രാഹുലിന്റെയും പ്രതിപക്ഷ നേതാക്കളുടെയും ആരോപണങ്ങള്‍ തള്ളി കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു ആണ് ഭരണപക്ഷത്തെ നയിച്ചത്. വന്യമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത് എന്ന് ആരോപിച്ച അദ്ദേഹം ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ ഹാജരാക്കാനും വെല്ലുവിളിച്ചു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോട് പ്രതികരിച്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അദാനിയും, മോഡിയും ഒന്നിച്ചുള്ള ഫോട്ടോ ഉയര്‍ത്തിക്കാട്ടിയ രാഹുലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ഊന്നിക്കൊണ്ട് സംസാരിക്കാനും സ്പീക്കര്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭാ നടപടികളും തടസപ്പെട്ടു. പ്രധാനമന്ത്രി, പാര്‍ലമെന്റിലേക്ക് വരൂ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് സഭാ നടപടികള്‍ തടസപ്പെട്ടത്.