ഇസ്താംബൂള്‍ - തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കാണാതാവുകയും മരണപ്പെട്ടെന്ന് ആശങ്കപ്പെടുകയും ചെയ്ത ഘാനയുടെ ഇന്റര്‍നാഷനല്‍ ഫുട്‌ബോളര്‍ ക്രിസ്റ്റിയന്‍ ആറ്റ്‌സുവിനെ ജീവനോടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷിച്ചു. പരിക്കുകളുണ്ട്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്കും ന്യൂകാസിലിനും എവര്‍ടനും കളിച്ചിരുന്ന ആറ്റ്‌സു സെപ്റ്റംബര്‍ മുതല്‍ തുര്‍ക്കി ലീഗില്‍ ഹതയ്‌സ്‌പോറിലാണ്. സൗദി അറേബ്യയിലെ അല്‍റഅദ് ക്ലബ്ബില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം ഹതായ്‌സ്‌പോറിലെത്തിയത്. ഞായറാഴ്ച രാത്രി തുര്‍ക്കി ലീഗ് മത്സരത്തില്‍ 97ാം മിനിറ്റില്‍ ടീമിന്റെ വിജയ ഗോളടിച്ച ആഹ്ലാദത്തില്‍ വീട്ടിലേക്ക് മടങ്ങിയ ശേഷം മുപ്പത്തൊന്നുകാരനുമായുള്ള ബന്ധമറ്റിരുന്നു. ആറ്റ്‌സുവിനൊപ്പം കാണാതായ ക്ലബ്ബ് ഡയരക്ടര്‍ താനര്‍ സവൂത് ഇപ്പോള്‍ അവശിഷ്ടങ്ങള്‍ക്കടയിലാണ്. എന്നാല്‍ മറ്റു പല കളിക്കാരെയും ഒഫിഷ്യലുകളെയും രക്ഷിച്ചതായി വാര്‍ത്തകളുണ്ട്. അയ്യായിരത്തിലേറെ പേര്‍ മരിച്ച ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്താണ് ഹതായ്‌സ്‌പോര്‍.
ഘാനക്കു വേണ്ടി 60 തവണ കളിച്ച ആറ്റ്‌സു 2014 ലെ ലോകകപ്പില്‍ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഇറങ്ങിയിരുന്നു. 2019 ലാണ് അവസാനമായി ഘാനക്കു വേണ്ടി ഇറങ്ങിയത്. ജന്മനാട്ടില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു