ന്യൂദൽഹി- അദാനി വിഷയത്തിൽ പാർലമെന്റിൽ ചർച്ചക്ക് തയ്യാറാകാതെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്ര സർക്കാറും ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗൗതം അദാനിയുടെ പിന്നിലെ ശക്തി എന്താണെന്ന് രാജ്യം അറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പാർലമെന്റിൽ അദാനിയെക്കുറിച്ചുള്ള ചർച്ച ഒഴിവാക്കാൻ മോഡി പരമാവധി ശ്രമിക്കും. അതിന് ഒരു കാരണമുണ്ടെന്ന് നിങ്ങൾക്കറിയാം. അദാനി വിഷയത്തിൽ ചർച്ച നടക്കണമെന്നും സത്യം പുറത്തുവരണമെന്നും ഞാൻ ആഗ്രഹിക്കുന്നു. നടന്ന കോടികളുടെ അഴിമതി പുറത്തുവരണം. അദാനിയുടെ പിന്നിലെ ശക്തി എന്താണെന്ന് രാജ്യം അറിയണം. കുറെ വർഷങ്ങളായി ഞാൻ സർക്കാരിനെ കുറിച്ചും 'ഹം ദോ, ഹുമാരേ ദോ' എന്നതിനെ കുറിച്ചും സംസാരിക്കുന്നു. അദാനിയെക്കുറിച്ച് പാർലമെന്റിൽ ചർച്ച നടത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. സർക്കാർ ഭയപ്പെടുകയാണ്. പാർലമെന്റിൽ ചർച്ച നടത്താൻ സർക്കാർ അനുവദിക്കണം. അത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം കടന്നാക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയത്. യു.എസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെത്തുടർന്ന് അദാനിയുടെ സമ്പത്ത് ഗണ്യമായി കുറഞ്ഞിരുന്നു.
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സെക്യുരിറ്റി എക്‌സേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും റിസർവ് ബാങ്കും അന്വേഷിക്കണം എന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തു സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ ചുമതലപ്പെട്ട സ്ഥാപനങ്ങൾ എന്ന നിലയിലാണ് ഇവയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് വ്യക്തമാക്കിയിരുന്നു.
അദാനി ഗ്രൂപ്പും കേന്ദ്ര സർക്കാരും തമ്മിലുള്ള അടുത്ത ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. കാര്യങ്ങൾ മറച്ചുവയ്ക്കാനും സെൻസർഷിപ്പ് ഏർപ്പെടുത്താനും മോഡി സർക്കാരിനു ശ്രമിക്കാനായേക്കും. എന്നാൽ, ഇന്ത്യൻ ധന വിപണിയും ബിസിനസ് രംഗവും ആഗോളവത്കരിക്കപ്പെട്ട ഈ കാലത്ത്, ഹിൻഡൻബർഗിനെപ്പോലുള്ള ഒരു സ്ഥാപനത്തിന്റെ റിപ്പോർട്ട് ഗൗനിക്കാതെ തള്ളിക്കളയാനാവില്ല. സാമ്പത്തിക സുതാര്യത ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് 1991 മുതൽ നടന്ന എല്ലാ നവീകരണ പ്രവർത്തനങ്ങളുമെന്ന് ജയറാം രമേശ് പറഞ്ഞു. ആഭ്യന്തര, വിദേശ നിക്ഷേപകർക്ക് തുലാവസരം ഉറപ്പുവരുത്താനാണ് ഇന്ത്യ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോഡി സർക്കാർ, ഇഷ്ടക്കാരനായ വ്യവസായിയുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കു നേരെ കണ്ണടയ്ക്കുകയാണോ എന്നും ഇത് കൊടുക്കൽ വാങ്ങലാണോ എന്നും ജയ്‌റാം രമേശ് ചോദിച്ചു.
നികുതി വെട്ടിപ്പും കള്ളക്കമ്പനികളും അടക്കം ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ വൻ തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. യു.എസ് ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ജനുവരി 24ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുള്ളത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വം കാണിച്ചുവെന്നും അക്കൗണ്ട് തിരിമറികൾ നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ട് വർഷത്തെ അന്വേഷണത്തിലൂടെയാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് ഹിൻഡൻബർഗിന്റെ അവകാശവാദം.ബുധനാഴ്ച റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോർട്ടിലെ വിശദാംശങ്ങൾ കള്ളമാണെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. അന്ന് തന്നെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ഷെയറുകൾക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു. കമ്പനിയുമായി ബന്ധപ്പെടാനോ വസ്തുതകൾ പരിശോധിക്കാനോ ശ്രമിക്കാതെയാണ് ജനുവരി 24 ന് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് അദാനി ഗ്രൂപ്പ് ആരോപിച്ചത്.