മുംബൈ- ട്രെയിന്‍ തട്ടി മരിച്ചയാള്‍ വീഡിയോ കോള്‍ ചെയ്തപ്പോള്‍ മരിച്ചെന്നു കരുതിയയാളെ ബന്ധുക്കള്‍ക്ക് തിരികെ കിട്ടി. പക്ഷേ, ഖബറടക്കിയത് ആരെയെന്ന ചോദ്യം ബാക്കിയായി.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം നടന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ റഫീഖ് ശൈഖ് (60) ജനുവരി 29ന് ബോയ്സര്‍- പാല്‍ഘര്‍ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും കരുതിയത്. അജ്ഞാത മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വേ പോലീസ് ആളെ തിരിച്ചറിയാന്‍ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് റഫീഖിന്റെ സഹോദരന്‍ പോലീസിനെ സമീപിച്ച് റഫീഖ് ശൈഖിനെ രണ്ടു മാസം മുമ്പ് കാണാതായും മൃതദേഹം അദ്ദേഹത്തിന്റേതാണെന്നും അവകാശപ്പെടുകയായിരുന്നു. റഫീഖ് ശൈഖിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പാല്‍ഘര്‍ റെയില്‍വേ പൊലീസ് കേരളത്തിലുള്ള ഇയാളുടെ ഭാര്യയെ വിളിച്ചുവരുത്തി മൃതദേഹം സ്ഥിരീകരിച്ച് ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് കുടുംബാംഗങ്ങള്‍ മൃതദേഹം സംസ്‌കരിച്ചത്. ഞായറാഴ്ച റഫീഖിന്റെ ഫോണിലേക്ക് സുഹൃത്ത് വീഡിയോ കോള്‍ വിളിക്കുകയും റഫീഖ് കോള്‍ എടുത്ത് താന്‍ സുഖമായിരിക്കുന്നുവെന്ന് പറയുകയും ചെയ്തു. ഈ വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് റഫീഖിന്റെ കുടുംബാംഗങ്ങള്‍ പോലീസിനെ വിവരം അറിയിച്ചത്. റഫീഖിന്റേതാണെന്ന് കരുതി അടക്കം ചെയ്ത മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.