Sorry, you need to enable JavaScript to visit this website.

തിഹാര്‍ ജയിലില്‍ മുസ്ലിം തടവുകാര്‍ക്കൊപ്പം വ്രതമെടുത്ത് 59 ഹിന്ദു സഹതടവുകാര്‍

ന്യൂദല്‍ഹി- രാജ്യത്തെ ഏറ്റവും വലിയ തടവറയായ ദല്‍ഹിയിലെ തിഹാര്‍ സെന്‍ട്രന്‍ ജയിലില്‍ മുസ്ലിം തടവുകാര്‍ക്കൊപ്പം റമദാന്‍ വ്രതമനുഷ്ടിച്ച് അറുപതോളം ഹിന്ദു സഹതടവുകാരും. പതിനയ്യായിരത്തോളം തടവുകാരുള്ള ജയിലില്‍ 2,299 മുസ്ലിം തടവുകാരാണ് പുണ്യമാസമായ റമദാനില്‍ നോമ്പെടുക്കുന്നത്. ഇവര്‍ക്കൊപ്പം സ്ത്രീകളടക്കം 59 ഹിന്ദു തടവുകാരും നോമ്പെടുത്തു വരുന്നു. ജയില്‍ അധികൃതര്‍ ഇവര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി നല്‍കുന്നുണ്ട്. എല്ലാ ദിവസവും ഇഫ്താറിലും ഉദ്യോഗസ്ഥര്‍ ഇവര്‍ക്കൊപ്പം പങ്കാളികളാകും. ദല്‍ഹിയിലെ കടുത്ത ചൂടിനെ വകവയ്ക്കാതെയാണ് ജയില്‍ സമുച്ചയത്തിലെ വിവിധ തടവറകളില്‍ കഴിയുന്ന തടവുകാരുടെ നോമ്പ്. 

നോമ്പെടുക്കുന്ന മുസ്ലിം സഹതടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തന്റെ നോമ്പെന്ന് 21-കാരനായ ഒരു തടവുകാരന്‍ പറയുന്നു. ഈ യുവാവി ജയിലിലെത്തിയിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. പലരും പല ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് നോമ്പെടുക്കുന്നത്. 45-കാരിയായ ഒരു വനിതാ തടവുകാരി പുറത്തുള്ള തന്റെ മകന്റെ ക്ഷേമത്തിനു വേണ്ടിയാണ് നോമ്പെടുക്കുന്നത്. തട്ടിക്കൊണ്ടുപോകലിന് അറസ്റ്റിലായ ഇവരുടെ കേസ് കോടതിയിലാണ്. വേഗത്തില്‍ ജയില്‍ മോചനം സാധ്യമാകാന്‍ നോമ്പെടുക്കുന്നവരും കൂട്ടത്തിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

റമദാനും ചൂടേറിയ കാലാവസ്ഥയും പരിഗണിച്ച് നോമ്പുകാര്‍ക്കായി ജയില്‍ അധികൃതര്‍ പ്രത്യേകി സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നുണ്ട്. റമദാനു മുമ്പായി ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വിവിധ ജയിലുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിരുന്നുവെന്ന് ജയില്‍ ഡയറക്ടര്‍ ജനറല്‍ അജയ് കശ്യപ് പറഞ്ഞു. 'എല്ലാ ജയിലുകളിലും ഇഫ്താര്‍ സമയം തീയതിയും പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. നോമ്പെടുക്കുന്നവര്‍ക്ക് ഈത്തപ്പഴവും റൂഹഫ്‌സയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ക്ക് നമസ്‌ക്കരിക്കാന്‍ സ്ഥലസൗകര്യവും ഒരുക്കിയിട്ടുണ്ട്. നോമ്പെടുക്കുന്നവര്‍ക്ക് ജയില്‍ സമയങ്ങളില്‍ ഇളവും അനുവദിച്ചിരിക്കുന്നു,' കശ്യപ് പറഞ്ഞു. തടവുകാര്‍ക്ക് വാച്ച് ധരിക്കാന്‍ പാടില്ലെന്നതിനാല്‍ സമയം അറിയിക്കാന്‍ ഒരു ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.
 

Latest News