Sorry, you need to enable JavaScript to visit this website.

തുർക്കി-സിറിയ ഭൂകമ്പം, മരണം 1200, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഇസ്താംബൂൾ- ഒരു നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തിൽ തുർക്കിയിൽ മരണം 1200 കടന്നു. തുർക്കിയിലും സിറിയയിലുമായാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ആളുകൾ ഉറങ്ങിക്കൊണ്ടിരിക്കെയാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്. ഇതിന്റെ തുടർ ചലനങ്ങൾ ഇറാഖിൽ വരെ അനുഭവപ്പെട്ടു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്) പ്രകാരം തെക്കുകിഴക്കൻ തുർക്കിയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആദ്യ ഭൂചലനത്തിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്.  രണ്ടാം ഭൂചലനത്തിൽ മരിച്ചവരുടെ വിശദാംശങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. എകിനോസു പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ തെക്ക്‌തെക്കുകിഴക്കായി പ്രാദേശിക സമയം ഉച്ചയ്ക്ക് 1:24 നാണ് രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. എന്നാൽ ഇതിന് തീവ്രത കുറവായിരുന്നു. 
റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ നിന്നും മറ്റ് സംഘർഷങ്ങളിൽ നിന്നും പലായനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകൾ നിറഞ്ഞ മുഴുവൻ ഭാഗങ്ങളും നശിപ്പിച്ചു. സിറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പമാണ് ഇതെന്ന് സിറിയയിലെ ദേശീയ ഭൂകമ്പ കേന്ദ്രം മേധാവി റെയ്ദ് അഹമ്മദ് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സിറിയയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ 326 പേർ മരിച്ചു. തുർക്കിയിൽ 912 പേർ മരിച്ചതായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ പറഞ്ഞു.
തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ കൈകൊണ്ടാണ് നീക്കിക്കൊണ്ടിരിക്കുന്നത്. എന്റെ കുടുംബത്തിലെ ഏഴ് അംഗങ്ങൾ അവശിഷ്ടങ്ങൾക്കടിയിലാണെന്ന് തുർക്കിയിലെ കുർദിഷ് നഗരമായ ദിയാർബാക്കിറിൽ ഭൂകമ്പത്തെ അതിജീവിച്ച മുഹിതിൻ ഒറാക്കി എഎഫ്പിയോട് പറഞ്ഞു. ഭൂചലനത്തിന്റെ പ്രകമ്പനം ഗ്രീൻലാൻഡ് വരെ അനുഭവപ്പെട്ടതായി ഡാനിഷ് ജിയോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ട് അറിയിച്ചു.
പ്രധാന റോഡുകളെ മൂടിയ മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഭൂകമ്പം പ്രദേശത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളെ പ്രവർത്തനരഹിതമാക്കിയെന്നും സുപ്രധാന സഹായ വിതരണത്തെ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
 

Latest News