Sorry, you need to enable JavaScript to visit this website.

വികാരനിർഭരം; ശിഹാബ് ചോറ്റൂരിന്റെ കാൽനടയായുള്ള ഹജ്ജ് യാത്ര പുനരാരംഭിച്ചു

വാഗ (ഇന്ത്യാ-പാക് അതിർത്തി) - കാൽനടയായി മക്കയിലേക്ക് വിശുദ്ധ ഹജ്ജിനു പുറപ്പെട്ട മലപ്പുറം വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂർ യാത്രാ തടസ്സങ്ങൾ നീക്കി യാത്ര പുനരാരംഭിച്ചു. യാത്രാസംബന്ധമായ രേഖയുടെ അഭാവം മൂലം കഴിഞ്ഞ നാലുമാസത്തിലേറെയായി പഞ്ചാബിൽ യാത്ര തുടരാനാകാതെ കഴിയുകയായിരുന്നു ശിഹാബ്. കഴിഞ്ഞദിവസം രേഖ ശരിയായതോടെയാണ് ഇന്ന് രാവിലെ ഹജ്ജ് യാത്ര പുനരാരംഭിച്ചത്. ബുധനാഴ്ച പാകിസ്താൻ ട്രാൻസിറ്റ് വിസ അനുവദിച്ചതിനെ തുടർന്ന് വാഗാ അതിർത്തി വഴി ഇന്ന് പാകിസ്താനിൽ പ്രവേശിക്കാനാകും. 14 കിലോമീറ്ററാണ് ഇവിടെ നിന്ന് വാഗാ അതിർത്തിയിലേക്കുള്ളത്. യാത്രയുടെ 35-40 ശതമാനമാണ് ഇതുവരെ പൂർത്തിയായത്. പാകിസ്താനിൽനിന്ന് ഇറാൻ വഴിയാണ് ഇനി സൗദിയിൽ എത്തേണ്ടത്. 
2022 ജൂൺ രണ്ടിനാണ് ശിഹാബ് മലപ്പുറത്തു നിന്നും കാൽനടയായി ഹജ്ജിനു പുറപ്പെട്ടത്. 2022 സെപ്തംബര് 26 മുതൽ ട്രാൻസിറ്റ് വിസയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ ഭാഗമായി പഞ്ചാബിലെ അമൃതസറിലെ ഗാസ ആഫിയ കിഡ്‌സ് സ്‌കൂളിൽ കഴിയുകയായിരുന്നു ശിഹാബ് ചോറ്റൂർ. യാത്രയിൽ ഇതുവരെയും മാനസികമായും ശാരീരികമായും ഒരു തളർച്ചയും ഉണ്ടായിട്ടില്ല. 2023-ലെ അടുത്ത ഹജ്ജ് നിർഹിക്കാനാകുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും സർവശക്തനിലാണ് എല്ലാം ഭരമേൽപ്പിച്ചതെന്നും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും എല്ലാവരോടും നന്ദിയുണ്ടെന്നും ശിഹാബ് ചോറ്റൂർ യാത്ര പുനരാരംഭിക്കും മുമ്പേ പറഞ്ഞു. വളരെ വികാരനിർഭരമായാണ് പഞ്ചാബി ജനത ശിഹാബിന് യാത്രയയപ്പ് നൽകിയത്. നാലുമാസവും ഒൻപത് ദിവസവുമാണ് ശിഹാബ് പഞ്ചാബിലെ ആഫിയ സ്‌കൂളിൽ കഴിഞ്ഞത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കുട്ടികളെയും ഗർഭിണികളെയും വലച്ച് എയർ ഇന്ത്യ സർവീസ്; വട്ടം കറക്കിയത് 20ഉം 38ഉം മണിക്കൂർ

ദുബൈ / കരിപ്പൂർ - കാരണങ്ങൾ പലതുണ്ടെങ്കിലും ഗർഭിണികളും കുട്ടികളും അടക്കമുള്ള വിമാനയാത്രക്കാരെ വട്ടം കറക്കുന്നത് തുടരുകയാണ് എയർ ഇന്ത്യ സർവീസ്. ഏറ്റവും ഒടുവിൽ ദുബൈയിൽനിന്ന് കോഴിക്കോട്ട് എത്തേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നത് 20 മണിക്കൂർ വൈകിയാണെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. 
 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ IX346 വിമാനം സാങ്കേതിക തകരാറാണ് കാരണം ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് ദുബൈയിൽനിന്ന് പറന്നുയർന്നത്. നൂറ്റമ്പതോളം യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിയത്. വിമാനത്തിലേക്കുള്ള യാത്രക്കാർ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം രാത്രിയേ പുറപ്പെടൂ എന്നറിയിപ്പുണ്ടായത്. ഇതോടെ യാത്രക്കാരെ രാത്രി ഹോട്ടലിലേക്ക് മാറ്റി. ഹോട്ടലിൽ എത്തിയപ്പോൾ വിമാനം പുലർച്ചെ മൂന്നിന് പുറപ്പെടുമെന്നും യാത്രക്കാർ രാത്രി 12ന് റിപ്പോർട്ട് ചെയ്യണമെന്നും അറിയിപ്പ് വന്നു. ഇതോടെ ചെറിയ കുട്ടികളും പ്രായമായവരും ഗർഭിണികളും അടക്കം വീണ്ടും എയർപോർട്ടിലേക്ക് തിരിച്ചു. പുലർച്ചെ മൂന്നുമണിയായിട്ടും പുറപ്പെടാത്തത് ചോദ്യംചെയ്തപ്പോൾ നാലിന് പോകുമെന്നായി അടുത്ത അറിയിപ്പ്. പിന്നീട് പലതവണയായി പല സമയം പറഞ്ഞെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. ഇതേ തുടർന്ന് കൊച്ചു കുട്ടികളും ഗർഭിണികളും അടക്കമുള്ളവർ രാത്രി മുഴുവൻ വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു. അവസാനം ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12.30നാണ് വിമാനം കോഴിക്കോട്ടേക്ക് പറന്നത്. യാത്രക്കാർ ഇത് ചോദ്യംചെയ്‌തെങ്കിലും ഇതിലൊന്നും അധികൃതർക്ക് കുലുക്കമില്ലെന്ന മട്ടിലാണ് പ്രതികരണം. യാത്ര അനിശ്ചിതമായി നീണ്ടുപോയി യാത്രക്കാരെ ബുദ്ധിമുട്ടിക്കുമ്പോഴും ഭക്ഷണംപോലും ശരിയാംവിധം കിട്ടിയില്ലെന്നും പരാതിയുണ്ട്.
 എയർ ഇന്ത്യയുടെ വിമാനം ഈ ആഴ്ച മാത്രം മൂന്നു തവണയാണ് വൈകിയത്. വെള്ളിയാഴ്ച അബൂദബിയിൽനിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനം എൻജിനിൽ തീ കണ്ടതിനെ തുടർന്ന് 45 മിനിട്ടിനുശേഷം തിരിച്ചിറക്കിയിരുന്നു. ഇതിലെ 188 യാത്രക്കാരെ പിന്നീട് പല വിമാനങ്ങളിലായാണ് നാട്ടിലെത്തിച്ചത്. അതും മണിക്കൂറുകൾ വൈകി. കഴിഞ്ഞ ദിവസം ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്ന വിമാനം ഒരു മണിക്കൂർ പറന്നശേഷം തിരിച്ചിറക്കിയിരുന്നു. ഇതിലെ യാത്രക്കാരെ 38 മണിക്കൂറിനു ശേഷമാണ് നാട്ടിലേക്ക് അയച്ചതെന്നും അനുഭവസ്ഥർ പറയുന്നു. 
 സാങ്കേതിക പ്രശ്‌നങ്ങളും എമർജൻസി ലാൻഡിംഗ് അടക്കമുള്ള ചില അപ്രതീക്ഷിത സാഹചര്യങ്ങളും തിരിച്ചറിയുമ്പോഴും യാത്രക്കാരുടെ ക്ഷമ നിരന്തരം പരീക്ഷിക്കുകയാണ് എയർ ഇന്ത്യ അധികൃതരെന്ന് യാത്രക്കാർ പറയുന്നു. വിമാനം മണിക്കൂറുകൾ വൈകുമ്പോഴും ബദൽ സംവിധാനങ്ങളൊരുക്കി യാത്രക്കാരെ യഥാസമയം, കാര്യമായ പ്രയാസങ്ങളില്ലാതെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം പലപ്പോഴും എയർ ഇന്ത്യയിൽനിന്ന് ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ വിമർശം.

Latest News