Sorry, you need to enable JavaScript to visit this website.

മരണം 600 കവിഞ്ഞു; ആയിരത്തിലേറെ പേർക്ക് പരിക്ക്, തുർക്കി-സിറിയ ഭൂമി കുലുക്കത്തിൻ്റെ ചിത്രങ്ങൾ

- ലോകരാഷ്ട്രങ്ങളോട് സഹായം അഭ്യർത്ഥിച്ച് രാജ്യങ്ങൾ
ഇസ്തംബൂൾ -
തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 568 പേർ മരിച്ചതായി അധികൃതർ. 130 കെട്ടിടങ്ങളെങ്കിലും തകർന്നതായി തുർക്കി പ്രവിശ്യയുടെ ഗവർണറെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം തുർക്കിയിൽ 284 പേരും സിറിയയിൽ 237 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് വിവരം. സിറിയയിൽ 639 പേർക്കും തുർക്കിയിൽ 440 പേർക്കും പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്.
 നിരവധി പേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്ക് ഇടയിൽ ജീവനു വേണ്ടി കേഴുകയാണെന്നും പലരും മരിച്ചതായും പറയുന്നു. ഇന്ന് പുലർച്ചെയാണ് കിഴക്കൻ തുർക്കിയിലും അതിർത്തിപ്രദേശമായ സിറിയയിലും ഭൂചലനമുണ്ടായത്. ജീവൻ രക്ഷാപ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ലോകരാഷ്ട്രങ്ങൾ വിവിധ സഹായങ്ങൾ വാഗ്ദാനം ചെയ്തുവരികയാണ്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

തൊട്ടിൽ ഇളക്കും പോലെ ഭൂമി രണ്ടു തവണ കുലുങ്ങിയെന്ന് പ്രദേശവാസികൾ; കനത്ത നാശം, മരണം നൂറിലേറെ

- തുർക്കി-സിറിയ ഭൂചലനത്തിൽ നിരവധി മൃതദേഹങ്ങൾ കെട്ടിടങ്ങൾക്ക് അടിയിൽ

ഈസ്തംബുൾ - തെക്കു കിഴക്കൻ തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. നൂറിലേറെപ്പേർ മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ധാരാളം പേർ കെട്ടിടങ്ങൾക്ക് അടിയിലാണ്. 
 ആളുകൾ ഉറക്കത്തിലിരിക്കെ, പ്രാദേശിക സമയം ഇന്ന് പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ഞെട്ടിയുണർന്ന ആളുകൾ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തകർന്നുവീണ കെട്ടിടങ്ങളിൽനിന്ന് ആളുകളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
 തുർക്കിയിൽ 53 പേരും സിറിയയിൽ 42 പേരും മരിച്ചതായി വിവിധ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെ മലത്യ നഗരത്തിൽ 23 പേർ കൊല്ലപ്പെട്ടതായി ഗവർണർ പറഞ്ഞു. 420 പേർക്കു പരുക്കേറ്റതായും 140 കെട്ടിടങ്ങൾ തകർന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഉർഫയിൽ 17 പേരും ഉസ്മാനിയയിൽ ഏഴും ദിയർബാകിർ ആറും പേർ മരിച്ചു. 
സിറിയയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ കുറഞ്ഞത് 42 പേർ മരിച്ചുവെന്ന് സിറിയൻ വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു. 200 പേർക്ക് പരുക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്.
   സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക് കിഴക്കൻ തുർക്കിയിലെ ഗസിയെന്റപ്പ് നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് ഭൂമിക്കടിയിൽ 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുർക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചതായി തുർക്കി അഭ്യന്തരമന്ത്രി പ്രതികരിച്ചു.
  റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം സൈപ്രസ്, ലെബനൻ തുടങ്ങിയ നഗരങ്ങളിലും അനുഭവപ്പെട്ടു. പിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനവുമുണ്ടായി.
 ജീവഹാനിയിലും നാശനഷ്ടങ്ങളിലും അതീവ ദു:ഖമുണ്ടെന്നും ഞങ്ങൾ ഒരുമിച്ച് എത്രയും വേഗം ഈ ദുരന്തത്തെയും അതിജീവിക്കാനാണ് ശ്രമമെന്നും രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണെന്നും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ പറഞ്ഞു.
 പതിറ്റാണ്ടിനുശേഷം തുർക്കിയിൽ കൂടുതൽ തീവ്രത രേഖപ്പെടുത്തിയ വലിയ ഭൂകമ്പങ്ങളിലൊന്നാണിതെന്നും റിപ്പോർട്ടുകളിലുണ്ട്. രാജ്യത്തുടനീളമുള്ള മോശം കാലാവസ്ഥ ഭൂചലനമുണ്ടായ പ്രദേശങ്ങളിലെ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും തടസ്സമാകുമെന്ന് ഇസ്തംബൂളിലുള്ള  അൽ ജസീറയുടെ ലേഖകൻ സിനേം കൊസോഗ്ലു പറഞ്ഞു. 'ഇസ്തംബൂളിലെ കാറ്റ്, മഴ, മഞ്ഞ്, അങ്കാറയിൽ കനത്ത മഞ്ഞ് എന്നിവ കാരണം ഇസ്തംബൂളിൽ നിന്നും അങ്കാറയിൽ നിന്നും കിഴക്കൻ തുർക്കിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. അതിനാൽതന്നെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് അൽജസീറ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കിഴക്കൻ തുർക്കിയിൽ, ഗാസിയാൻടെപ്പിൽ, കനത്ത മഞ്ഞുവീഴ്ചയുണ്ട്. കഹ്‌റാമൻമാരസിലും മഴയുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ഭൂചലനം തന്റെ നഗരത്തിലെ കെട്ടിടങ്ങളെ 'തൊട്ടിലിലെ കുഞ്ഞിനെപ്പോലെ കുലുക്കി'യെന്ന് ഗാസിയാൻടെപ്പിലെ താമസക്കാരൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്‌ചെയ്തു. 'ഞാൻ ജീവിച്ച 40 വർഷത്തിനിടയിൽ എനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായില്ലെന്ന്' മറ്റൊരു പ്രദേശവാസി പറഞ്ഞു.

Latest News