ന്യൂദൽഹി- പൗരത്വ സമരത്തിനിടെ 2019ൽ ജാമിയ മിലിയ സർവകലാശാലയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ദൽഹി പോലീസിന് ദൽഹി സാകേത് കോടതിയുടെ രൂക്ഷവിമർശനം. കേസിലെ അന്വേഷണം ഏകപക്ഷീയമായിരുന്നെന്ന് നിരീക്ഷിച്ച കോടതി, ആൾക്കൂട്ടത്തിൽ നിന്ന് ചിലരെ പ്രതികളായും ചിലരെ സാക്ഷികളായും ചേർക്കുന്ന 'ചെറി പിക്കിങ്' നീതിക്ക് നിരക്കുന്നതല്ലെന്നും വ്യക്തമാക്കി.
ആക്ടിവിസ്റ്റ് ഷർജീൽ ഇമാം, ജാമിയ വിദ്യാർഥികളായ ആസിഫ് തൻഹ, സഫൂറ സർഗാർ തുടങ്ങിയവരെ വെറുതെ വിട്ടാണ് കോടതിയുടെ പരാമർശങ്ങൾ. പൗരത്വ സമരത്തിന്റെ കേന്ദ്രമായിരുന്ന ദൽഹി ജാമിയ സർവകലാശാലയിൽ 2019 ഡിസംബർ 15നു നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർത്ത 13-ൽ 12 പേരെയും വെറുതെ വിട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ജാമിയ നഗർ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അഡീഷണൽ സെഷൻസ് ജഡ്ജ് അരുൾ വർമ റദ്ദാക്കി. പക്ഷേ, ദൽഹി കലാപവുമായി ബന്ധപ്പെട്ട മറ്റൊരു ഗൂഡാലോചന കേസ് നിലവിലുള്ളത് കൊണ്ട് ഷർജിൽ ഇമാമിന്റെ ജയിൽ മോചനം സാധ്യമാകില്ല.
ജാമിഅ സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. കേസിൽ 2021ൽ ഷർജീലിന് ജാമ്യം ലഭിച്ചിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ഷർജീൽ ഇമാമിനെ ദൽഹി പോലീസ് ബീഹാറിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നത്. അസമിലും യു.പിയിലും മണിപ്പൂരിലും ദൽഹിയിലും അരുണാചൽ പ്രദേശിലും ഷർജിലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
പൗരത്വഭേദഗതിക്കെതിരെ ജാമിഅ നഗർ പ്രദേശത്ത് സമരം ചെയ്തവർ പൊതു-സ്വകാര്യ വാഹനങ്ങൾ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. 2019 ഡിസംബർ 13ന് ഷർജീൽ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങൾക്ക് കാരണമായതെന്നായിരുന്നു പോലീസിന്റെ ആരോപണം.
ദൽഹി പോലീസിന്റെ കുറ്റപത്രം തെറ്റായ ലക്ഷ്യത്തോടെയുള്ളതാണ്. യഥാർഥ പ്രതികളെ പിടികൂടുന്നതിനു പകരം പ്രതിഷേധിക്കാനെത്തിയവരിൽ ചിലരെ 'ചെറി പിക്കിങ്' നടത്തി ബലിയാടാക്കുകയായിരുന്നു. പ്രതിഷേധ സ്ഥലത്ത് ഉണ്ടായതുകൊണ്ട് മാത്രം ആരെയും പ്രതിചേർക്കാൻ കഴിയില്ല. പ്രതികളായ വിദ്യാർഥികളും ആക്ടിവിസ്റ്റുകളും അക്രമം നടത്തിയതിനു തെളിവുകളില്ല. ആയതിനാൽ അവരെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന വിചാരണ നടപടിയിലേക്കു തള്ളിവിടുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് അഭിമാക്യമായിരിക്കില്ലെന്നും വിധിയിൽ വ്യക്തമാക്കി.
വിയോജിപ്പ് പ്രകടിപ്പിക്കുന്നതും കലാപവും തമ്മിലുള്ള വ്യത്യാസം അന്വേഷണ ഏജൻസികൾ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. പൗരന്റെ നോവുന്ന മനസ്സാക്ഷിയുടെ പ്രകടനമാണ് വിയോജിപ്പെന്നും അതിന് ഇടവും വേദിയും അനുവദിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.