മീററ്റ് -കേരളത്തിൽ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഉത്തർപ്രദേശിലെ മീററ്റിലുള്ള മലയാളി നഴ്സുമാരുടെ അവധി റദ്ദാക്കി. മീററ്റിലെ ചില സ്വകാര്യ നഴ്സിങ് ഹോമുകളും സ്വകാര്യ ആശുപത്രികളുമാണ് അവധി റദ്ദാക്കിയത്. മുൻകരുതലിന്റെ ഭാഗമായി നഴ്സുമാർ ഇത് അംഗീകരിക്കാൻ തയാറായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ അധ്യക്ഷൻ ഡോ. ജെ.വി ചികര പറഞ്ഞു. കേരളത്തിൽ നിപ്പാ വൈറസ് ബാധിച്ച് 13 പേരാണ് ഇതുവരെ മരിച്ചത്. 175 പേർ നിരീക്ഷണത്തിലാണ്.
കേരളത്തിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ബിഹാറിൽ ജാഗ്രതാ നിർദേശം നൽകി. പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നിപ്പായുടെ രോഗലക്ഷണങ്ങൾ. അതിനാൽ രോഗം പടരാനിടയാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് ജീവനക്കാർ അകലം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.