മീററ്റ് : കള്ളന്‍മാര്‍ക്കിടയിലും അല്‍പ്പ സ്വല്‍പ്പം വക തിരിവുള്ളവരും തമാശക്കാരുമൊക്കെ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള രണ്ട് കള്ളന്മാരുടെ മോഷണശ്രമത്തിന്റെ കഥയാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നും പുറത്ത് വരുന്നത്. ജ്വല്ലറി കൊള്ളയടിക്കാന്‍ വലിയ പദ്ധതി തയ്യാറാക്കിയെങ്കിലും കള്ളന്മാരുടെ പരിശ്രമം പക്ഷേ പരാജയപ്പെട്ടു പോയി. ഒടുവില്‍ ജ്വല്ലറി ഉടമയോട് മാപ്പ് അപേക്ഷിച്ച് കത്ത് എഴുതി വച്ചതിനുശേഷമാണ് ഇവര്‍ മടങ്ങിയത്.
ജ്വല്ലറിയുടെ സമീപത്തുകൂടി ഒഴുകുന്ന ഒരു അഴുക്കു ചാലില്‍ നിന്നാണ് ഇവര്‍ ജ്വല്ലറിയിലേക്കുള്ള തുരങ്കം നിര്‍മ്മിച്ചു തുടങ്ങിയത്. 15 അടി നീളത്തില്‍ തുരങ്കം നിര്‍മ്മിച്ചപ്പോഴേക്കും ജ്വല്ലറിയില്‍ എത്തി. അങ്ങനെ ആ തുരങ്കം വഴി ജ്വല്ലറിയുടെ ഉള്ളില്‍ കടന്നു. പക്ഷേ സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമിന്റെ വാതില്‍ക്കല്‍ എത്തിയതോടെ എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. തങ്ങള്‍ കൂടുതല്‍ സമയം അവിടെ നിന്നിട്ട് കാര്യമില്ല എന്ന് ഉറപ്പായതുകൊണ്ടും അവര്‍ മോഷണ ശ്രമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പക്ഷേ പോകുന്നതിനു മുന്‍പ് ആ കള്ളന്മാര്‍ ജ്വല്ലറി ഉടമയ്ക്ക് ക്ഷമാപണക്കത്ത് എഴുതിവയ്ക്കാന്‍ മറന്നില്ല. ചിന്നു, മുന്നു എന്നാണ് കള്ളന്മാര്‍ കത്തില്‍ തങ്ങളുടെ പേര് എഴുതിവെച്ചിരിക്കുന്നത്.
തൊട്ടടുത്ത ദിവസം രാവിലെ ജ്വല്ലറി തുറക്കാനായി എത്തിയ ഉടമയാണ് മോഷണശ്രമം നടന്നതായി പൊലീസിനെ അറിയിച്ചത്. കടയില്‍ നിന്ന് കിട്ടിയ കള്ളന്മാരുടെ കത്തും അദ്ദേഹം പൊലീസിന് കൈമാറി. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോങ്ങ് റൂമിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചങ്കിലും നടക്കാതെ വരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്‌ട്രോങ്ങ് റൂമിന്റെ വാതിലിന് അഭിമുഖമായി തൂക്കിയിരുന്ന ശ്രീകൃഷ്ണന്റെ രൂപം കള്ളന്മാര്‍ പുറം തിരിച്ചു വച്ചിരുന്നതായും കടയുടമ പൊലീസിനോട് പറഞ്ഞു. ജ്വല്ലറിയിലെ സി സി ടി വി ഫൂട്ടേജിന്റെ ഹാര്‍ഡ് ഡിസ്‌കും കള്ളന്മാര്‍ എടുത്തുകൊണ്ടു പോയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)