Sorry, you need to enable JavaScript to visit this website.

ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടായിസം കാണിച്ച് പണം തട്ടിയ രണ്ട് കോണ്‍സ്റ്റബിള്‍മാരെ പിരിച്ചുവിട്ടു

ബെംഗളൂരു- സംപിഗെഹള്ളി പോലീസ് സ്‌റ്റേഷനിലെ രണ്ട് കോണ്‍സ്റ്റബിളുമാരെ സദാചാരഗുണ്ടായിസം കാണിച്ചതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. രാജേഷ്, നാഗേഷ് എന്നീ കോണ്‍സ്റ്റബിള്‍മാരെയാണ് പിരിച്ചുവിട്ടത്. 

സംപിഗെഹള്ളിയില്‍ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഡിസംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷത്തിന് ശേഷം ഭാര്യയോടൊപ്പം വീട്ടിലേക്ക് നടന്നുവരുന്നതിനിടയില്‍ രണ്ടു പോലീസുകാര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയ കാര്യം കാര്‍ത്തിക് പത്രി എന്നയാള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. തങ്ങള്‍ വിവാഹിതരാണെന്നതിന് എന്തു തെളിവാണുള്ളതെന്നും രാത്രി 11 മണിക്കു ശേഷം ഈ റോഡിലൂടെ നടന്നു പോകാന്‍ ആര്‍ക്കും അനുമതിയില്ലെന്നും പറഞ്ഞ പോലീസുകാര്‍ ഇരുവരുടെയും ഫോണ്‍ പിടിച്ചുവാങ്ങിയെന്നും കാര്‍ത്തിക് കുറിക്കുന്നു. 

കാര്‍ത്തിക്കിന്റെ ഭാര്യ കരയാന്‍ തുടങ്ങിയതോടെ രണ്ട് പോലീസുകാരും ആദ്യം മൂവായിരം രൂപ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ ആയിരം രൂപ നല്‍കാന്‍ പോലീസുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. സംഭവം ട്വിറ്ററില്‍ പങ്കുവച്ചതോടെ ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും പോലീസുകാരെ പിരിച്ചുവിടാന്‍ തീരുമാനിക്കുകയുമായിരുന്നു.

Tags

Latest News