- ഇന്ധന സെസിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജൻ
- ഇന്ധന സെസ് ബജറ്റിലെ നിർദേശം മാത്രം, അന്തിമ തീരുമാനം ചർച്ചയ്ക്കു ശേഷമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
- ഇന്ധന വിലവർധനവ് കേരളത്തിലെ നേതാക്കളോട് ചോദിക്കൂവെന്ന് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി
കോഴിക്കോട് - സംസ്ഥാനത്തെ ജനങ്ങളിൽ കടുത്ത രോഷം ക്ഷണിച്ചുവരുത്തിയ രണ്ടാം പിണറായി സർക്കാറിന്റെ സമ്പൂർണ ബജറ്റിനെതിരെ വ്യാപക വിമർശം. മുഖ്യമന്ത്രിയും ധനമന്ത്രിയും ന്യായീകരിക്കുന്നുവെങ്കിലും പെട്രോൾ-ഡീസൽ വിലവർധനവിലും വൻ നികുതി വർധനവിലും ഇടത്-വലത് മുന്നണി ഭേദമില്ലാതെ പൊതുസമൂഹത്തിൽ ശക്തമായ വിമർശമാണ് ഉയരുന്നത്.
ഇടത് നേതാക്കളിൽ പോലും സർക്കാറിന്റെ ജനദ്രോഹ നയം തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. മതിയായ ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന ജനതയ്ക്കു മുമ്പിൽ വൻ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിച്ച സർക്കാർ പുനരാലോചനയ്ക്ക് വഴങ്ങിയില്ലെങ്കിൽ തീരുമാനം വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ ജാഥ നടക്കാനിരിക്കെ ബജറ്റ് പ്രഖ്യാപനം പിൻവലിച്ചില്ലെങ്കിൽ കണ്ടറിയാമെന്ന നിലപാടിലാണ് സി.ഐ.ടി.യു പ്രവർത്തകർ ഉൾപ്പെടെയുള്ള പല പാർട്ടി പ്രവർത്തകരുടെയും നിലപാട്. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങളെ വിമർശിക്കുന്ന പിണറായി സർക്കാർ സ്വന്തം മണ്ണിൽ നടത്തുന്ന ജനവിരുദ്ധ നയങ്ങളെ ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും അതിനാൽ തീരുമാനം പുനപ്പരിശോധിച്ചേ തീരൂവെന്നും ഇവർ പറയുന്നു.
ഒരു ഭാഗത്ത് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിച്ചുകൊണ്ടിരിക്കെ, നിത്യജീവിതത്തിന് വകയില്ലാത്ത ജനലക്ഷങ്ങളിൽ കടുത്ത സാമ്പത്തിക ദുരിതവും അരക്ഷിതാവസ്ഥയും എന്തിനാണ് അടിച്ചേൽപ്പിക്കുന്നതെന്നാണ് ജനങ്ങളുടെ ചോദ്യം. ജനത്തോട് വിശദീകരിക്കാനാത്ത തീരുമാനമാണ് ബജറ്റിലൂടെ സർക്കാർ അടിച്ചേൽപ്പിച്ചത്. ജനപക്ഷത്തിനിന്നുള്ള യാതൊരുവിധ ആലോചനകളുമില്ലാത്ത ഒട്ടും വിവേകമില്ലാത്ത, പൊട്ടൻ തീരുമാനമാണ് ബജറ്റിലെ പുതിയ ബാധ്യതകളെന്നും ഇത് കേവലം എൽ.പി ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കു പോലും തിരിയുന്ന കാര്യമാണെന്നും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പലരും ഓർമിപ്പിക്കുന്നു.
ഇന്ധന സെസിൽ പ്രശ്‌നങ്ങളുണ്ടെന്നും ഇത് കേരളത്തിന് തിരിച്ചടിയാകുമെന്നുമാണ് ഇടതു മുന്നണി കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജൻ പ്രതികരിച്ചത്.
ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ സെസിൽ പ്രശ്‌നങ്ങളുണ്ടെന്നും അയൽ സംസ്ഥാനങ്ങളെക്കാൾ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നുമാണ് ഇ.പിയുടെ നിലപാട്. നികുതി ചുമത്താതെ ഒരു സർക്കാരിനും മുന്നോട്ടുപോകാനാവില്ല. എന്നാൽ, ചുമത്തപ്പെടുന്ന നികുതി ജനങ്ങൾക്കു പ്രയാസകരമാകരുത്. വിമർശങ്ങൾ ഉണ്ടെങ്കിൽ ഉചിതമായി പരിശോധിക്കണമെന്നുമാണ് ഇടതു മുന്നണി കൺവീനർ പറഞ്ഞത്.
ഇന്ധനവില കൂട്ടിയത് കേന്ദ്ര സർക്കാരാണെന്നും അത് മറയ്ക്കാൻ സംസ്ഥാനത്തിന്റെ സെസ് ഉയർത്തിക്കാട്ടുകയാണെന്നും ന്യായീകരിച്ചെങ്കിലും ഇന്ധന സെസ് ചുമത്തിയത് ബജറ്റിലെ നിർദേശം മാത്രമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. നിർദേശങ്ങളിൽ ചർച്ച നടത്തിയാകും അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ സർക്കാർ ഇന്ധന വിലവർധനയ്ക്കും സംസ്ഥാനത്തെ ജനങ്ങളെ അമ്പേ ബുദ്ധിമുട്ടിക്കുന്നതുമായ തീരുമാനത്തിൽനിന്ന് പിറകോട്ട് പോകുമെന്ന സൂചനയായി ഇതിനെ കാണുന്നവരും ഉണ്ട്. കേരളത്തിലെ ജനദ്രോഹപരമായ ഇന്ധന വിലവർധനവിനെക്കുറിച്ച് ചോദിച്ചപ്പോൾ കേരള നേതാക്കളോട് ചോദിക്കൂവെന്നായിരുന്നു ദൽഹിയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.
പാർട്ടിക്കകത്തും പുറത്തും ഉയരുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കാൻ ഇന്ധന സെസിൽ ചെറിയൊരു ഇളവുവരുത്തി മുഖം രക്ഷിക്കാൻ സർക്കാർ തലത്തിൽ ആലോചനയുണ്ടായേക്കുമെന്നും വിവരമുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)