ന്യൂദല്‍ഹി- ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. കോടിക്കണക്കിന് ഇന്ത്യക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം അപകടത്തിലാക്കുന്ന വിഷയമാണ് ഇതെന്നും തട്ടിപ്പ് ആരോപണങ്ങളില്‍ പാര്‍ലമെന്ററി പാനലോ സുപ്രിം കോടതി നിയോഗിച്ച സമിതിയോ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യത്തില്‍ ഉന്നയിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ടു മണി വരെ നിര്‍ത്തിവച്ചു.
ബജറ്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസം പാര്‍ലമെന്റ് നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെ എം. പിമാര്‍ ശബ്ദമുണ്ടാക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയുടെയും രാജ്യസഭയുടെയും നടപടികള്‍ മാറ്റിവെക്കേണ്ടി വന്നു. സഭ നിര്‍ത്തിവച്ചതിന് പിന്നാലെ പുറത്തിറങ്ങിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാര്‍ത്താ സമ്മേളനത്തില്‍ മോഡി സര്‍ക്കാറിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
സാമ്പത്തിക നയത്തിലെ അഴിമതികള്‍ക്കെതിരെ സഭയില്‍ ശബ്ദമുയര്‍ത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരുമിച്ച് തീരുമാനിച്ചതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസുകള്‍ എപ്പോഴും നിരസിക്കപ്പെടുകയാണ്. പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കുന്നില്ല. അതിനാലാണ് സഭയില്‍ ഒരേ സ്വരത്തില്‍ ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ചതെന്നും ഖാര്‍ഗേ പറഞ്ഞു. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷനില്‍ പണം നിക്ഷേപിച്ച കോടിക്കണക്കിന് ആളുകളെക്കുറിച്ച് സംസാരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.