മുംബൈ- 1993ല്‍ മുംബൈയില്‍ എത്തിയതിന് പിന്നാലെ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി വിവരിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേണീ എന്ന പരിപാടിയിലാണ് തന്റെ ജീവിതാനുഭവങ്ങള്‍ സംവിധായകന്‍ പങ്കുവെച്ചത്. 30 വര്‍ഷത്തിനിടെ മുംബൈ ഒരുപാട് മാറിയെന്നും അനുരാഗ് പറയുന്നു.
ഇംതിയാസ് അലിയുടെ കോളേജിലാണ് ഞാന്‍ ചിലപ്പോഴെല്ലാം താമസിച്ചിരുന്നത്. അന്ന് ജുഹു സര്‍ക്കിളിന് ചുറ്റും ഒരു പൂന്തോട്ടമുണ്ടായിരുന്നു. അക്കാലത്ത് സ്ഥിരം അവിടെയാണ് ഉറങ്ങിയിരുന്നത്. ചിലപ്പോള്‍ അവിടെ നിന്ന് ഞങ്ങളെ പുറത്താക്കും. നേരെ വെര്‍സോവ ലിങ്ക് റോഡില്‍ പോകും. അവിടെയൊരു നടപ്പാതയുണ്ട്. അവിടെ ഉറങ്ങണമെങ്കില്‍ 6 രൂപ നല്‍കണം. അനുരാഗ് പറയുന്നു.
ഞാന്‍ സംവിധായകനായുള്ള ആദ്യ ചിത്രമായ പാഞ്ച് നിന്നുപോയി. ബ്ലാക്ക് ഫ്രൈഡേയാകട്ടെ റിലീസിന് മുന്‍പ് പ്രതിസന്ധിയിലായി. ഇതൊടെ ഡിപ്രഷനിലായി. മുറിയില്‍ അടച്ചിരിക്കാനും മദ്യപിക്കാനും ആരംഭിച്ചു. ഒരു ഒന്നൊന്നര വര്‍ഷം യാതൊരു നിയന്ത്രണവുമില്ലാതെ കുടിച്ചു. ഇതോടെ ആദ്യ ഭാര്യയായിരുന്ന ആരതി ബജാജ് വീട്ടില്‍ നിന്നും എന്നെ പുറത്താക്കി. മക്കള്‍ക്ക് 4 വയസ്സ് മാത്രമായിരുന്നു അപ്പോള്‍ പ്രായം. വളരെ ബുദ്ധിമുട്ടേറിയ കാലമായിരുന്നു അത്. ഞാന്‍ വിഷാദരോഗത്തിന് അടിമയായിരുന്നു. അനുരാഗ് കശ്യപ് പറഞ്ഞു.