Sorry, you need to enable JavaScript to visit this website.

'മഷിപേന' യുടെ സ്മാരകം നിര്‍മ്മിക്കാന്‍ 80 കോടി ചെലവിടുന്നു, ചെന്നൈയില്‍ വന്‍ പ്രതിഷേധം

ചെന്നൈ : തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം.കരുണാനിധിയുടെ ഓര്‍മ്മക്കായി മഷി പേനയുടെ ആകൃതിയില്‍ 80 കോടി ചെലവില്‍ ചെന്നൈ മറീനാ ബീച്ചില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിനെതിരെ  വന്‍ പ്രതിഷേധം. പദ്ധതിയെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും, ഡി എം കെ പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് മറീനാ ബീച്ചില്‍ നടന്നത്. മറീനാ ബീച്ചില്‍ നിന്ന് 36 മീറ്റര്‍ കടലിലേക്ക് തള്ളിയാണു സ്മാരകം നിര്‍മ്മിക്കുന്നത്. കലൈഞ്ജര്‍ കരുണാ നിധിയുടെ എഴുത്തിന്റെ മഹിമയുടെ പ്രതീകമായി 137 അടി ഉയരമുള്ള മാര്‍ബിളില്‍ തീര്‍ത്ത പേനയാണു സ്മാരകത്തിന്റെ പ്രധാന ആകര്‍ഷണം. സെപ്റ്റംബറില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്കു ലഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മലിനീകരണ നിയന്ത്രണബോര്‍ഡ് മറീനയില്‍ തെളിവെടുപ്പ് നടത്തിയത്. സ്മാരകം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുമെന്നും പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും പറഞ്ഞു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തെളിവെടുപ്പ് ജനം തടഞ്ഞു. കരുണാനിധിയുടെ പേന പ്രതിമ കടലില്‍ സ്ഥാപിച്ചാല്‍ ഇടിച്ചുകളയുമെന്നു നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ പ്രഖ്യാപിച്ചതോടെ തെളിവെടുപ്പ് സംഘര്‍ഷത്തിലേക്ക് വഴിമാറി. കന്യാകുമാരിയിലെ 132 അടി ഉയരമുള്ള തിരുവെള്ളൂര്‍ പ്രതിമയെ മറികടക്കുന്ന സ്മാരകങ്ങളൊന്നും തമിഴ്‌നാട്ടില്‍ വേണ്ടെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട് . പദ്ധതി പ്രദേശത്ത് അടുത്ത ദിവസം വീണ്ടും തെളിവെടുപ്പ് നടത്താനാണു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തീരുമാനം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News