ചെന്നൈ- എയര്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. കാല്‍മുട്ടിന് പരിക്കേറ്റ തനിക്ക് വീല്‍ ചെയറിനായി അര മണിക്കൂറാണ് ചെന്നൈ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവന്നതെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ട്വീറ്റ് ചര്‍ച്ചയായതോടെ മാപ്പുപറഞ്ഞ് എയര്‍ ഇന്ത്യ രംഗത്തെത്തി.
കഴിഞ്ഞ ദിവസമാണ് തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തത്. കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ തനിക്ക് വീല്‍ചെയര്‍ ആവശ്യമായിരുന്നെന്നും എന്നാല്‍ അത് ലഭിക്കാനായി വിമാനത്താവളത്തില്‍ 30 മിനിറ്റാണ് കാത്തിരിക്കേണ്ടിവന്നതെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു. കാല്‍മുട്ടിന് പരിക്കേറ്റ ഒരു യാത്രക്കാരനെ കൊണ്ടുപോകാന്‍ അടിസ്ഥാനപരമായി വേണ്ട വീല്‍ചെയര്‍ പോലും ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. മറ്റൊരു എയര്‍ലൈനില്‍ നിന്ന് വീല്‍ചെയര്‍ കടം വാങ്ങിയാണ് തനിക്ക് നല്‍കിയതെന്നും ഖുശ്ബു പറയുന്നു. എയര്‍ ഇന്ത്യയുടെ സേവനങ്ങള്‍ ഇനിയും മെച്ചപ്പെടുത്തണമെന്നും എയര്‍ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ട് അവര്‍ ട്വീറ്റ് ചെയ്തു.
ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെ മാപ്പുപറഞ്ഞ് എയര്‍ ഇന്ത്യ രംഗത്തെത്തി. ഖുശ്ബുവിന്റെ ട്വീറ്റിന് മറുപടിയായാണ് അവര്‍ ക്ഷമാപണവുമായെത്തിയത്. നിങ്ങള്‍ക്കുണ്ടായ മോശം അനുഭവത്തില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. ഇക്കാര്യം ചെന്നൈ വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നുമായിരുന്നു എയര്‍ലൈന്‍ അധികൃതരുടെ മറുപടിയില്‍ പറയുന്നത്.