തിരുവനനന്തപുരം - കേന്ദ്ര ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളുണ്ടെങ്കിലും അതിന്റെ ഗുണം താഴേത്തട്ടിൽ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര വിഹിതം ലഭിക്കുന്നതിൽ കേരളം നേരിട്ടത് ക്രൂരമായ അവഗണനയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
എയിംസ് പോലെ കേരളം ആവശ്യപ്പെട്ട കാര്യങ്ങൾ ഇത്തവണയും പരിഗണിച്ചില്ല. എയിംസ് കേരളത്തിന് കിട്ടാൻ ഏറ്റവും അർഹതയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ തോതിലുള്ള കേന്ദ്ര വിഹിതമാണ് കേരളത്തിന് ലഭിച്ചത്. പ്ലാന്റേഷൻ മേഖലയ്ക്ക് പ്രത്യേകം പദ്ധതി ആവശ്യപ്പെട്ടതും പരിഗണിച്ചില്ല. പല പ്രധാന പദ്ധതികളുടെയും തുക കുറച്ചു. സംസ്ഥാനങ്ങൾക്ക് നല്കുന്ന വിഹിതത്തിലും കേരളത്തോട് അവഗണനയാണുണ്ടായത്. ഭക്ഷ്യ സുരക്ഷ പദ്ധതി, പി.എം.എ.വൈ, യു.എ.ഡി.എഫ് പദ്ധതികൾ, നെല്ല്, ഗോതമ്പ് സംഭരണം തുടങ്ങിയവക്കുള്ള ബജറ്റ് വിഹിതം കുറവാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള ചെലവിലേക്ക് 2,14,696 കോടി രൂപയാണ് മാറ്റിവെച്ചത്. ഭക്ഷ്യ സുരക്ഷ പദ്ധതിയെ ഇത് എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രശ്‌നം ഗൗരവമായി നിലനില്ക്കുന്നുണ്ട്. സഹകരണ മേഖലയിലേക്ക് കടന്നുകയറാനുള്ള ശ്രമം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ധനമന്ത്രി ഓർമിപ്പിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തൊഴിലവസരങ്ങളില്ല, വിലക്കയറ്റവും ഗൗനിച്ചില്ല; ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാൻ മാർഗരേഖയില്ലെന്നും രാഹുൽ ഗാന്ധി
ന്യൂദൽഹി - രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കാനുള്ള മാർഗരേഖ സർക്കാരിന്റെ പക്കൽ ഇല്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമൃത് കാൽ ബജറ്റ് എന്ന് കേന്ദ്രസർക്കാർ വിശേഷിപ്പിച്ച ബജറ്റിനെ മിത്ര കാൽ എന്നാണ് രാഹുൽ പരിഹസിച്ചത്. മിത്രകാൽ ബജറ്റിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കാഴ്ച്ചപ്പാടോ വിലക്കയറ്റം നേരിടാൻ പദ്ധതികളോ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. ദരിദ്രരെ വേണ്ടവിധം പരിഗണിച്ചില്ല. അസമത്വം ഇല്ലാതാക്കാനും സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ബജറ്റ് പ്രഖ്യാപനങ്ങളിൽ വ്യക്തമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി..
'മിത്ര കാൽ ബജറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കാഴ്ചപ്പാടില്ല, അസമത്വം തടയാൻ ഉദ്ദേശിക്കുന്നില്ല, 1% സമ്പന്നർക്ക് 40% സ്വത്ത്, 50% വരുന്ന ദരിദ്രരായ ജനത 64% ജിഎസ്ടി അടയ്ക്കണം, 42% യുവാക്കൾക്ക് തൊഴിലില്ല. എന്നിട്ടും പ്രധാനമന്ത്രിക്ക് അനുകമ്പയില്ല. ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാൻ സർക്കാരിന് മാർഗരേഖയില്ലെന്ന് ഈ ബജറ്റ് തെളിയിച്ച'തായും രാഹുൽ ട്വീറ്റ് ചെയ്തു.
പ്രഖ്യാപനത്തിൽ വലുതും പ്രാവർത്തികമാകുമ്പോൾ ചെറുതും ആയ ബജറ്റ് എന്നാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലകാർജുൻ ഖാർഗെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതികരിച്ചത്. മോദി സർക്കാർ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആഴത്തിൽ മുറിവേൽപ്പിച്ചു. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയല്ലാതെ മോദി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വതന്ത്ര്യത്തിന്റെ അമൃത കാലത്തെ ആദ്യ ബജറ്റാണ് ഇതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് പറഞ്ഞത്. അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റായും ധനമന്ത്രി ബജറ്റിനെ വിശേഷിപ്പിക്കുകയുണ്ടായി.