Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ലീഗ് നേതാവും കാസർഗോഡ് നഗരസഭാ മുൻ ചെയർമാനുമായ ടി.ഇ അബ്ദുല്ല അന്തരിച്ചു

കോഴിക്കോട് / കാസർകോഡ് -  മുസ്‌ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റും കാസർഗോഡ് നഗരസഭാ മുൻ അധ്യക്ഷനുമായ ടി.ഇ അബ്ദുല്ല (64) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. 
 മരിക്കുമ്പോൾ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് നിരവധി പ്രവർത്തകരും ലീഗ് നേതാക്കളും ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
 ഒന്നര മാസം മുമ്പ് ട്രെയിനിൽ കൊച്ചിയിലേക്ക് പോകുന്നതിനിടെ കോഴിക്കോട്ടെത്തുന്നതിന് മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സ സുഖം പ്രാപിച്ച് നാട്ടിലെത്തി പ്രധാന പൊതുപരിപാടികളിലും മറ്റും പങ്കെടുത്തിരുന്നു. ഏറ്റവും ഒടുവിലായി ലീഗ് കാസർഗോഡ് മുൻസിപ്പൽ കൗൺസിൽ ഭാരവാഹികളെ തെരെഞ്ഞടുക്കുന്ന യോഗത്തിലും മാലിക് ദീനാർ ഉറൂസ് പരിപാടിയിലും സജീവ സാന്നിധ്യമായിരുന്നു. അതിനിടെയാണ് വീണ്ടും ഈ  ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. പരിശോധനയ്ക്കായി ജനുവരി 18ന് ആശുപത്രിയിലെത്തിയ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. രക്തം ഛർദ്ദിച്ച് പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
 കാസർകോട് നഗരസഭ മുൻ ചെയർമാനായിരുന്ന ടി.ഇ അബ്ദുല്ല മുൻ എം.എൽ.എ ടിഎ ഇബ്രാഹിം - സൈനബ് ദമ്പതികളുടെ മകനാണ്. 1959 മാർച്ച് 18ന് തളങ്കര കടവത്താണ് ജനനം. എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തളങ്കര ഗവ. മുസ്‌ലിം ഹൈസ്‌കൂൾ യൂനിറ്റ് എംഎസ്എഫ് പ്രസിഡന്റായാണ് തുടക്കം. 1978ൽ തളങ്കര വാർഡ് മുസ്‌ലിം ലീഗ് സെക്രടറിയായി. അവിഭക്ത കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗം, കാസർകോഡ് മുനിസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്, കാസർകോഡ് മണ്ഡലം യൂത്ത് ലീഗ് ജനറൽസെക്രടറി, പ്രസിഡന്റ്, ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, കാസർകോഡ്് വികസന അതോറിറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 
 2008 മുതൽ ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്. ചെർക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടർന്നാണ് ലീഗ് ജില്ലാ പ്രസിഡന്റ് പദവിയിലെത്തിയത്. 1988 മുതൽ കാസർകോഡ് നഗരസഭ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2000ൽ  തളങ്കര കുന്നിൽനിന്നും 2005-ൽ് തളങ്കര പടിഞ്ഞാറിൽനിന്നും എതിരില്ലാതെയായിരുന്നു വിജയം. 27 വർഷം കാസർകോഡ് നഗരസഭയെ പ്രതിനിധീകരിച്ചു.
മൂന്ന് തവണ കാസർകോട് നഗരസഭ ചെയർമാൻ പദവി അലങ്കരിച്ചു. അദ്ദേഹം ചെയർമാനായ 2000-2005 കാലത്ത് കേരളത്തിലെ മികച്ച നഗരസഭയായി കാസർകോഡിനെ തെരഞ്ഞെടുത്തിരുന്നു.
 കാസർകോഡ് സംയുക്ത മുസ്‌ലിം ജമാഅത്ത് ജനറൽസെക്രടറി, മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമിറ്റി വൈസ് പ്രസിഡന്റ്, ദഖീറതുല് ഉഖ്‌റാ സംഘം പ്രസിഡന്റ്, ടി ഉബൈദ് ഫൗൻഡേഷൻ ട്രഷറർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ച് വരവെയാണ് വിടവാങ്ങിയത്. പഴയകാല ഫുട്‌ബോൾ കളിക്കാരൻ കൂടിയായിരുന്ന അദ്ദേഹംജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റാായും പ്രവര്ത്തിച്ചിട്ടുണ്ട്. കേരളത്തിലെ നഗരസഭാ ചെയർമാന്മാരുടെ കൂട്ടായ്മയായ ചെയർമാൻസ് ചേമ്പേഴ്‌സിന്റെ നേതൃനിരയിലും പ്രവർത്തിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News