ബോംബെ സഹോദരിമാരില്‍ ലളിത വിടവാങ്ങി

ചെന്നൈ-ബോംബെ സഹോദരിമാര്‍ എന്ന പേരില്‍ പ്രശസ്തരായ കര്‍ണാടക സംഗീതജ്ഞരില്‍ ഒരാളായ സി. ലളിത (85) അന്തരിച്ചു. ചൊവ്വാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിന് കച്ചേരികള്‍ അവതരിപ്പിക്കുകയും ശങ്കരാചാര്യ സ്തോത്രങ്ങള്‍ ഉള്‍പ്പെടെ ഗാനാത്മകമായി അവതരിപ്പിക്കുകയും ചെയ്തവരാണ് ലളിതയും സഹോദരി സി. സരോജയും. 1963 മുതല്‍ കച്ചേരികള്‍ അവതരിപ്പിച്ചുതുടങ്ങി. അഞ്ചുപതിറ്റാണ്ട് ഒരുമിച്ചുമാത്രമേ ഇരുവരും കച്ചേരികള്‍ അവതരിപ്പിച്ചിട്ടുള്ളൂ. മലയാളം, തമിഴ്, സംസ്‌കൃതം, കന്നഡ, തെലുഗു, ഹിന്ദി, മറാഠി ഭാഷകളില്‍ ആല്‍ബങ്ങള്‍ ഇറക്കി. സപ്താഹം, സുന്ദരനാരായണ ഗുരുവായൂരപ്പന്‍ ഗാനാഞ്ജലിയുടെ രണ്ടു വാല്യങ്ങള്‍ എന്നിവയാണ് മലയാളത്തിലെ പ്രധാന ആല്‍ബങ്ങള്‍.
കലാജീവിതത്തിന്റെ പ്രധാന പങ്കും ചെന്നൈയിലാണ് ചെലവഴിച്ചതെങ്കിലും ബോംബെ സഹോദരിമാര്‍ എന്നാണ് അവര്‍ അറിയപ്പെട്ടത്. ബോംബൈ സഹോദരിമാര്‍ എന്നുവിളിച്ച് ഒരു സ്വാമി അനുഗ്രഹിച്ചതിനെത്തുടര്‍ന്നാണ് ഈ പേര് വന്നതും നിലനിര്‍ത്തിയതുമെന്നാണ് പറയുന്നത്. തനിച്ചു പാടേണ്ടിവരുമെന്നതുകൊണ്ടാണ് സിനിമകളിലെ അവസരങ്ങള്‍ ഉപേക്ഷിച്ചത് എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. എന്‍. ചിദംബരം അയ്യരുടെയും മുക്താംബാളുടെയും മക്കളായി കേരളത്തിലെ തൃശ്ശൂരില്‍ ജനിച്ച ലളിതയും സരോജയും മുംബൈയിലാണ് വളര്‍ന്നത്.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരവും സംഗീത കലാനിധി, സംഗീത ചൂഡാമണി, കലൈമാമണി, സംഗീത കലാശിഖാമണി, എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുള്ള ബോംബൈ സഹോദരിമാരെ 2020-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു

Latest News