ജിദ്ദ- ചുറ്റും കൂടിയ ആളുകളേയും മൊബൈല്‍ ക്യാമറകളേയും കണ്ട് ധൈര്യം കാണിക്കാന്‍ പാമ്പിനെ പിടിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് രണ്ട് വട്ടം ചിന്തിക്കണമെന്ന് ഉണര്‍ത്തുകയാണ് പാമ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന മലപ്പുറം അരീക്കോട് സ്വദേശി റിഷാദ് അഹമ്മദ്. ഇങ്ങനെ ഇറങ്ങിപ്പുറപ്പെടുന്നവര്‍ മരണം ഇരന്ന് വാങ്ങുകയാണെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
മരണം കയ്യിലെടുക്കപ്പെടുമ്പോള്‍
''പെരുമ്പാമ്പ് ആണെന്ന് തെറ്റിദ്ധരിച്ച് അണലിയെ പിടിച്ചയാള്‍ കടിയേറ്റ് മരണപ്പെട്ടു'' ഇപ്പോള്‍ പത്രമാധ്യമങ്ങളില്‍ ഇത്തരമൊരു വാര്‍ത്തയില്ലാത്ത ഒരു ദിവസം പോലുമില്ലാ എന്നായിരിക്കുന്നു സ്ഥിതിഗതികള്‍. ഈ തൊട്ടടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ കടിയേറ്റ വാര്‍ത്തകള്‍ തുടര്‍ക്കഥപോലെ വന്നുകൊണ്ടേയിരിക്കുന്നു. തികച്ചും സങ്കടകരമായ കാഴ്ച്ച. നാട്ടിലെവിടെയെങ്കിലും പാമ്പിനെ കണ്ടാല്‍ ചിലര്‍ ചിന്തിക്കുന്നത് തങ്ങളുടെ 'ധൈര്യം' ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍ കിട്ടിയ അസുലഭ മുഹൂര്‍ത്തമായിട്ടാണ്. നാട്ടുകാര്‍ ഭയത്തോടെ നോക്കിക്കാണുന്ന പാമ്പിനെ അതേ ആളുകളുടെ മുന്നില്‍ വെച്ച് പിടിക്കാനും കഴുത്തിലിടാനും ഫോട്ടോയ്ക്ക് പോസു ചെയ്യാനും കിട്ടിയ അവസരമായി ഇത്തരം സന്ദര്‍ഭങ്ങള്‍ മാറുന്നു. ഇതിലെ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ഇവരാരും ചിന്തിക്കാറില്ല. പാമ്പിനെ കുറിച്ചറിയാത്ത ഇത്തരക്കാര്‍ക്ക് ബോധോദയം വരുത്തുവാന്‍ പിടിച്ച പാമ്പ് തന്നെ മിനക്കെടുന്ന കാഴ്ച്ചയാണ് പിന്നീട് കാണാറുള്ളത്. ആളാകാന്‍ വെമ്പുന്ന ഇത്തരം ആളുകള്‍ ജീവിതത്തില്‍ പിന്നീടൊരിക്കലും പാമ്പിനെ പിടിക്കാന്‍ ധൈര്യപ്പെടാറില്ല ( ജീവിച്ചിരിപ്പുണ്ടെങ്കില്‍). പരിശീലനം നേടാതെയുള്ള ഈ സാഹസങ്ങളില്‍ ലഭിക്കുന്ന കടി അധികവും മാരകമാകാറാണ് പതിവ്..
കാരണങ്ങള്‍ പരിശോധിക്കാം നമുക്ക്. ഒന്നാമതായി പെരുമ്പാമ്പാണെന്ന് തെറ്റിദ്ധരിച്ച് അണലിയെ പിടിച്ചയാള്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് തോന്നിയേക്കാം സംഗതി പെരുമ്പാമ്പ് തന്നെയാണെങ്കില്‍ ആര്‍ക്ക് വേണേലും പിടിക്കാം എന്ന്. പെരുമ്പാമ്പിനെ പോയിട്ട് ഒരു പാമ്പിനത്തേയും പിടിക്കുവാന്‍ അധികാരമില്ല. അതിന് വേണ്ടി മാത്രമായി കേരളത്തില്‍ അങ്ങോളമിങ്ങോളമായി നമ്മുടെ ചുറ്റും ചുമതലപ്പെടുത്തിയ റെസ്‌ക്യൂവേഴ്‌സ് ഉണ്ട്. വിദഗ്ധ പരിശീലനം നേടി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ലൈസന്‍സുള്ള സന്നദ്ധ പ്രവര്‍ത്തകര്‍. വീട്ടിലോ പരിസരങ്ങളിലോ പാമ്പുകളെ കണ്ടാല്‍ അവരെയോ വനംവകുപ്പിനേയോ മാത്രം അറിയിക്കുക. സ്വയം പാമ്പ്പിടുത്തത്തിന് തുനിയാതിരിക്കുക എന്ന് സാരം.. ആ ഒരു സന്ദര്‍ഭത്തിന് ജീവന്റെ തന്നെ വിലയുണ്ടെന്ന് ഓര്‍ക്കുക. നാലാള് കൂടിയാല്‍ ചിലരുടെ ഉള്ളില്‍ അടക്കിപ്പിടിച്ച മണ്ടത്തരത്തില്‍ ചാലിച്ച ധൈര്യം കണ്ട് ആസ്വദിച്ച് ആര്‍പ്പ് വിളിക്കുന്നവരിലേക്കും ഇതിന്റെ ഗൗരവം എത്തേണ്ടിയിരിക്കുന്നു. വിവേകപൂര്‍വ്വം ചിന്തിക്കുക.
ഇനി പിടിച്ചത് പെരുമ്പാമ്പ് തന്നെയെന്ന് വെക്കുക. പെരുമ്പാമ്പ് എന്താ മോശമാണോ ? പെരുമ്പാമ്പ് കാരണവും മരണം റിപ്പോര്‍ട്ടുകളുണ്ട്. വിഷമില്ലെങ്കിലും മൂര്‍ച്ചയേറിയ വളരെ വലിയ വളഞ്ഞുകൂര്‍ത്ത നിരനിരയായ നിരവധി പല്ലുകളുണ്ട് ഇവയ്ക്കും. അണലികളെ പോലെ തന്നെ നല്ല രീതിയില്‍ അഗ്രസ്സീവാകും പെരുമ്പാമ്പുകളും . ചാടിക്കുതിച്ച് കടിക്കുവാനും മാരകമായി രക്തം വാര്‍ന്ന് പോകുന്ന തരത്തില്‍ മുറിവേല്‍പ്പിക്കുവാനും പെരുമ്പാമ്പിനാകും. പെരുമ്പാമ്പിനെ കഴുത്തിലിട്ട് ഷോ കാണിച്ച പലര്‍ക്കും എന്താണ് പെരുമ്പാമ്പ് എന്ന് മനസ്സിലാക്കി കൊടുക്കാന്‍ ഇവയ്ക്കായിട്ടുണ്ട്. ഭാരം താങ്ങുവാന്‍ എന്ന തരത്തില്‍ കഴുത്തിലേക്കിടുമ്പോള്‍ ബലിഷ്ടമായ പേശികള്‍ ആയതിനാല്‍ തന്നെ കഴുത്തില്‍ ഇവ ശക്തമായി ചുറ്റിവരിയുന്നു. പാമ്പിന്റെ കഴുത്തിന് അമര്‍ത്തിപ്പിടിക്കുന്നതിനാല്‍ മരണവെപ്രാളത്തില്‍ പാമ്പും തന്റെ മുഴുവന്‍ ശക്തിയും തിരിച്ചും പ്രയോഗിക്കുന്നു. ഇത്തരത്തില്‍ മരണം ഉത്തരേന്ത്യയില്‍ നടന്നിട്ടുണ്ട്. നമ്മുടെ നാട്ടില്‍ കഴിഞ്ഞ വര്‍ഷം ഒരു എസ്‌റ്റേറ്റ് തൊഴിലാളിയും ഇതിന്റെ ചൂട് ശരിക്കും അറിഞ്ഞിരുന്നു.
ഇനി പിടിക്കുന്നത് പെരുമ്പാമ്പ് എന്ന ധാരണയില്‍ അണലിയെയാണെങ്കില്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ ? കിട്ടിയിരിക്കും കടി ഉറപ്പ്.. കഴുത്തിന് മുറുക്കിപ്പിടിക്കുന്നതിനാലും മറ്റും കിട്ടുന്ന കടിയായതിനാല്‍ അണലി നല്ലരീതിയില്‍ വെനം കുത്തിവെക്കപ്പെടാനും സാധ്യത കൂടുതലാണ്. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടായാലും പിടിക്കുന്നയാള്‍ക്ക് നഷ്ടമെന്ന് സാരം . ചിലര്‍ പറയാറുണ്ട് സാധാരണക്കാര്‍ക്ക് ഇനം തിരിച്ചറിയാന്‍ പറ്റാത്തത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നത് അതിനാല്‍ അവര്‍ക്കൊക്കെ പെരുമ്പാമ്പിനേയും അണലിയേയും എളുപ്പത്തില്‍ തിരിച്ചറിയാനുള്ള മാര്‍ഗ്ഗം പറഞ്ഞു കൊടുത്താല്‍ മതിയെന്ന്.. തമ്മില്‍ ഉള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നാല്‍ പെരുമ്പാമ്പും അണലിയും തമ്മിലുള്ള വ്യത്യാസങ്ങളെല്ലാം മനസ്സിലാക്കിയിട്ട് പാമ്പ് പിടുത്തത്തിന് ഇറങ്ങാതിരിക്കാന്‍ കൂടിയുള്ള വിവേകം ആണ് ജനങ്ങള്‍ക്ക് ഉണ്ടാകേണ്ടത് . ചുറ്റും കൂടിയ ആളുകളേയും മൊബൈല്‍ ക്യാമറകളേയും കണ്ട് ധൈര്യം കാണിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് രണ്ട് വട്ടം ചിന്തിക്കുക താന്‍ ഇറങ്ങുന്നത് മരണം ഇരന്ന് വാങ്ങാനാണെന്ന്..
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)