ന്യൂദല്‍ഹി- രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പുനര്‍നാമകരണത്തിന് പിന്നാലെ ദല്‍ഹി സര്‍വകലാശാലയിലെ മുഗള്‍ ഗാര്‍ഡന്‍ എന്ന പേരിലുള്ള ഉദ്യാനത്തിനും പേരുമാറ്റം. സര്‍വകലാശാലയിലെ നോര്‍ത്ത് ക്യാമ്പസിലെ ഉദ്യാനത്തിന് 'ഗൗതം ബുദ്ധ സെന്റിനറി ഗാര്‍ഡനെ'ന്ന പുതിയ പേര് നല്‍കിയതായി സര്‍വകലാശാല അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു.
സര്‍വകലാശാലയിലെ പൂന്തോട്ടത്തിന് മുഗള്‍ ശൈലിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റിയിരിക്കുന്നത്. ശനിയാഴ്ച രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേരുമാറ്റത്തിനൊപ്പമാണ് സര്‍വകലാശാലയും പുനര്‍നാമകരണം നടത്തിയത്. എന്നാല്‍ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സ് അമൃത് ഉദ്യാനമായി മാറിയതുമായി ഇതിന് ബന്ധമില്ലെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. ദീര്‍ഘനാളായി നടന്നുവരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗാര്‍ഡന്‍ കമ്മിറ്റി ശനിയാഴ്ച തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വൈസ് റീഗല്‍ ലോഡ്ജിന് എതിര്‍വശത്തുള്ള, മധ്യത്തില്‍ ഗൗതമ ബുദ്ധന്റെ പ്രതിമയോടുകൂടിയ ഉദ്യാനത്തെ ഗൗതം ബുദ്ധ സെന്റിനറി ഗാര്‍ഡന്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിന് ദല്‍ഹി സര്‍വകലാശാലയുടെ കമ്മിറ്റി അംഗീകാരം നല്‍കിയതായി രജിസ്ട്രാര്‍ വികാസ് ഗുപ്ത ജനുവരി 27ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. സര്‍വകലാശാലയിലെ പൂന്തോട്ടം മുഗള്‍ ഭരണാധികാരികള്‍ നിര്‍മിച്ചതോ മുഗള്‍ ശൈലിയുമായി ബന്ധമുള്ളതോ അല്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.