കൊച്ചി- കാക്കനാട് സെക്യൂരിറ്റി ജീവനക്കാരനെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ സ്വിഗ്ഗി ജീവനക്കാരായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി മഹാദേവന്‍ (29) പാറശ്ശാല പുകുരാല്‍ പുത്തന്‍ വീട്ടില്‍ ശ്രീജിത്ത് (24), അമ്പലപ്പുഴ പുറക്കാട് മുട്ടുചിറ വീട്ടില്‍ ഉണ്ണി(25), മാവേലിക്കര പുതിയകാവ് അശ്വതി ഭവനില്‍ നിധിന്‍(29), തൃശൂര്‍ ഇയ്യാട്ടു ഇടാട്ടുപറമ്പില്‍ കണ്ണന്‍(28) എന്നിവരാണ് ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ പിടിയിലായത്.
ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ 26നാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ അജീഷിനാണ് മര്‍ദ്ദനമേറ്റത്. ഒന്നാം പ്രതിയായ തമിഴ്‌നാട് സ്വദേശി മഹാദേവന്‍ സംശയം ചോദിക്കാനെന്ന രീതിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ അജീഷ് എന്നയാളെ ഗേറ്റിന് വെളിയിലേക്ക് വിളിച്ചിറക്കുകയും മുന്‍ധാരണ പ്രകാരം ഗേറ്റിനു വെളിയില്‍ മാറിനിന്ന മറ്റു പ്രതികളും ചേര്‍ന്ന് അജീഷിനെ ക്രൂരമായ മര്‍ദ്ദിക്കുകയുമായിരുന്നു.
അജീഷ് ചിറ്റേത്തുകര ട്രിനിറ്റി വേള്‍ഡ് ഫ്‌ലാറ്റില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്യുമ്പോള്‍ ഇതിലെ ഒന്നാം പ്രതിയായ മഹാദേവന്‍ സ്വിഗ്ഗ്വി ഓര്‍ഡറുമായി വന്നപ്പോള്‍ ഗേറ്റില്‍ തടഞ്ഞതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഈ വിരോധത്തില്‍ പ്രതികള്‍ സ്വിഗ്ഗി തൊഴിലാളികള്‍ സംഘം ചേര്‍ന്ന് ട്രിനിറ്റി ഫ്‌ളാറ്റിലേക്ക് ബലം പ്രയോഗിച്ച് കയറാന്‍ ശ്രമിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രതികള്‍ സെക്യൂരിറ്റി ജീവനക്കാരെ അന്വേഷിച്ച് അവരുടെ താമസ സ്ഥലത്തും ചെന്നു. പിന്നീടാണ് പ്രതികള്‍ ലോഡ്ജില്‍ ഒത്തുകൂടി ഇത്തരത്തിലുളള ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിബിന്‍ദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)