പത്തനംതിട്ട- കോവിഡ് കാലത്ത് ഏറെ സ്വീകാര്യത ലഭിച്ച ചികിത്സാ രോഗ നിര്‍ണയ സംവിധാനമാണ് ഇ സഞ്ജീവനി. ഓണ്‍ലൈനിലൂടെ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാനുള്ള സംവിധാനമാണിത്. എന്നാല്‍ പലരും ഇത് ദുരുപയോഗിക്കുകയാണ്. ഏറ്റവും ഒടുവില്‍ വനിതാ ഡോക്ടര്‍ക്കു നേരെ നഗ്‌നതാപ്രദര്‍ശനമെന്ന് പരാതി. ആറന്മുള സ്വദേശിനിയായ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി. തൃശൂര്‍ സ്വദേശിയായ മുഹമ്മദ് സുഹൈബ് (21) എന്ന യുവാവ് കണ്‍സള്‍ട്ടേഷനിടെ സ്വകാര്യഭാഗങ്ങള്‍ കാണിച്ചുവെന്നാണ് പരാതി.
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ഡ്യൂട്ടിയായിരുന്നു ഡോക്ടര്‍ക്കുണ്ടായിരുന്നത്. വീട്ടില്‍ ഇരുന്ന് ലാപ്‌ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുകയായിരുന്നു. ഇതിനിടെ മുഹമ്മദ് സുഹൈബ് നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാണ് ഡോക്ടറുടെ പരാതി.
കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മുഖേനയാണ് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ പോലീസ് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. ഇ സഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പേരും മറ്റു വിവരങ്ങളും ഡോക്ടര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)