കൊച്ചി- മലയാളത്തിലെ സീനിയര്‍ നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ അസഭ്യ വീഡിയോ പങ്കുവെച്ച രണ്ട് പേരെ കൊച്ചി സിറ്റി സൈബര്‍ സെല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഡയവറോളി എന്ന പേരിലാണ് കൃഷ്ണ പ്രസാദിന്റെ യൂട്യൂബ് ചാനല്‍ അറിയപ്പെടുന്നത്. ഈ ചാനലിനെതിരെയാണ് അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് നടന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.
നാല് ദിവസം മുമ്പാണ് ഇരുവരും ചേര്‍ന്ന് ഇന്‍സ്റ്റഗ്രാം വഴി ഇടവേള ബാബുവിനെ അസംഭ്യം പറഞ്ഞ് വീഡിയോ പങ്കുവച്ചത്. തന്നെയും താരസംഘടനയേയും അപമാനിച്ചുവെന്ന പരാതിയിലാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. ചിത്രത്തിന്റെ ഒടിടി റിലീസ് ജനുവരി 13 ന് ആയിരുന്നു. എന്നാല്‍ ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമക്കെങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്കറിയില്ലെന്നുമുള്ള പരാമര്‍ശങ്ങള്‍ ഇടവേള ബാബു പറഞ്ഞിരുന്നു. തുടര്‍ന്നാണ് താരത്തിനെതിരെയുള്ള അസഭ്യ വീഡിയോ പ്രചരിച്ചത്.