- സമാപനസമ്മേളനം ഇന്ന്
ശ്രീനഗർ - നാടും നഗരവും ഇളക്കിമറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ 136 ദിവസത്തെ ഭാരത് ജോഡോ യാത്രയുടെ സമാപന പൊതുസമ്മേളനം ഇന്ന്. കന്യാകുമാരിയിൽ നിന്നും ആരംഭിച്ച യാത്ര 4080 കിലോമീറ്റർ നടന്നുതീർത്തശേഷമാണ് ഇന്ന് ശ്രീനഗറിൽ 12 പ്രതിപക്ഷ പാർട്ടികളുടെ സംഗമത്തോടെ സമാപിക്കുക. രാവിലെ പത്തിന് ജമ്മു കശ്മീർ പി.സി.സി ആസ്ഥാനത്ത് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തും. തുടർന്ന് 11 മണിയോടെ ഷേർ ഇ കശ്മീർ സ്റ്റേഡിയത്തിൽ സമാപന പൊതുസമ്മേളനം ആരംഭിക്കും.
സമാപന സമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ (ഡി.എം.കെ), ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് (ആർ.ജെ.ഡി), ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്), ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി (പി.ഡി.പി), ശരദ് പവാർ (എൻ.സി.പി), ഷിബു സോറൻ (ജെ.എം.എം), ഉദ്ധവ് താക്കറെ (ശിവസേന), ഡി രാജ, ബിനോയ് വിശ്വം (സി.പി.ഐ), പി.കൈ കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), ജോസ് കെ മാണി (കേരളാ കോൺഗ്രസ്), എൻ.കെ.പ്രേമചന്ദ്രൻ (ആർ.എസ്.പി), തോൽ തിരുമാവളവൻ (വിടുതലൈ ചിരുതൈകൾ കച്ചി) തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി, എസ്.പി, ജെ.ഡി.എസ്, ജെ.ഡി.യു, സി.പി.എം തുടങ്ങിയ പാർട്ടികളെ ക്ഷണിച്ചെങ്കിലും അവർ സമ്മേളനത്തിൽ പങ്കെടുക്കില്ല.
യാത്ര കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികളിലും പുത്തനുണർവ് പകർന്നിട്ടുണ്ടെങ്കിലും പ്രതിപക്ഷ കൂട്ടായ്മയിൽ പല കാരണങ്ങളാൽ അകലം പാലിക്കുന്ന പാർട്ടികളെ കൂടി അടുപ്പിക്കുക എന്നതാണ് വരുംകാലത്ത് കോൺഗ്രസും രാഹുൽ ഗാന്ധിയും നേരിടുന്ന വെല്ലുവിളി. കശ്മീരിൽ പരസ്പരം പോരടിച്ച മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയെയും മെഹ്ബൂബ മുഫ്തി അടക്കമുള്ളവരെയും യാത്രയോടൊപ്പം കണ്ണിചേർക്കാൻ രാഹുലിനായിട്ടുണ്ട്. സമീപ ഭാവിയിൽ ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം നിർണയിക്കുന്നതിൽ, സംഘപരിവാറിനെതിരെ മതനിരപേക്ഷ ശക്തികളുടെ പുതിയൊരു പ്രതിപക്ഷ പോർമുഖം തുറക്കാൻ രാഹുലിനാകട്ടെ എന്നതാണ് രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുടെയെല്ലാം തേട്ടം.
രാഷ്ട്രപിതാവ് മഹാത്മജിയുടെ വിരിമാറിലേക്ക് നാഥുറാം വിനായക് ഗോഡ്‌സെ എന്ന ആർ.എസ്.എസുകാരൻ നിറയൊഴിച്ച് ജീവനെടുത്തതിന്റെ നടുക്കുന്ന ഓർമകളുടെ 75-ാം വാർഷികദിനത്തിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം എന്നതും ശ്രദ്ധേയമാണ്. ഈ യാത്രയുടെ തുടർച്ചയായി മറ്റൊരു യാത്ര മനസ്സിലാണ്ടെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. എന്തായാലും, ഇന്ത്യയുടെ ആത്മാവ് തിരിച്ചറിഞ്ഞ് വർഗീയവാദികളിൽനിന്നും രാജ്യത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം കാലം ആവശ്യപ്പെടുന്ന രീതിയിൽ നിറവേറ്റാൻ രാഹുലിനും സംഘത്തിനും സാധിക്കട്ടെ എന്ന നിറഞ്ഞ പ്രാർത്ഥനയിലും പ്രവർത്തനത്തിലുമാണ് കോൺഗ്രസ് നേതൃത്വം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)