ഇന്‍ഡോര്‍- മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയില്‍ വിചാരണക്കിടെ കോടതി നടപടികള്‍ ചിത്രീകരിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) 30 കാരിക്ക് ബന്ധമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വീഡിയോ പിഎഫ്‌ഐക്ക് അയക്കാന്‍ ഒരു അഭിഭാഷകന്‍ തന്നോട് ആവശ്യപ്പെട്ടതായും ജോലിക്കായി മൂന്ന് ലക്ഷം രൂപ നല്‍കിയതായും സോനു മന്‍സൂരി എന്ന യുവതി പോലീസിനോട് സമ്മതിച്ചതായി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ രാജേഷ് രഘുവംഷി പറഞ്ഞു.
ബജ്‌റംഗ്ദള്‍ നേതാവ് തനു ശര്‍മയുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകരായ അമിത് പാണ്ഡെയും സുനില്‍ വിശ്വകര്‍മയും കോടതി മുറിയില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നത് ശ്രദ്ധിച്ചത്. ഇന്‍ഡോര്‍ ജില്ലാ കോടതിതിലായിരുന്നു സംഭവം.
അഭിഭാഷകര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് വനിതാ അഭിഭാഷകരുടെ സഹായത്തോടെ യുവതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് എംജി റോഡ് പോലീസിനെ വിവരമറിയിച്ചു. പേലീസ് തടഞ്ഞുവെച്ച യുവതിയുടെ അറസ്റ്റ് ശനിയാഴ്ച രാത്രിയാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
മുതിര്‍ന്ന അഭിഭാഷകനായ നൂര്‍ജഹാന്‍ ഖാനാണ് വീഡിയോ പിഎഫ്‌ഐക്ക് കൈമാറാന്‍ തനിക്ക് നിര്‍ദേശം നല്‍കിയതെന്ന് ഇന്‍ഡോര്‍ സ്വദേശിയായ മന്‍സൂരി സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജോലിക്കായി തനിക്ക് മൂന്ന് ലക്ഷം രൂപ നല്‍കിയതായും യുവതി പോലീസിനോട് പറഞ്ഞു, പണം കണ്ടെടുത്തതായും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പിഎഫ്‌ഐയുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു. തെളിവുകളുണ്ടെങ്കില്‍ അഭിഭാഷകനായ നൂര്‍ജഹാന്‍ ഖാനെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് കമ്മീഷണര്‍ രാജേഷ് രഘുവംഷി കൂട്ടിച്ചേര്‍ത്തു.
ഐഎസ്‌ഐഎസ് പോലുള്ള ആഗോള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്ത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് കേന്ദ്രം പിഎഫ്‌ഐയെയും അതിന്റെ നിരവധി സഹ സംഘടനകളേയും നിരോധിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)