പാറ്റ്‌ന- ബിഹാറിലെ ജോകിഹട്ട് നിയമസഭ മണ്ഡലത്തിൽ അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള മുഴുവൻ അടവുകളും പുറത്തെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ. കഴിഞ്ഞവർഷം ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർ.ജെ.ഡിയെയും കോൺഗ്രസിനെയും ഒഴിവാക്കി ബി.ജെ.പിയുമായി സഖ്യത്തിലായ നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം തന്റെ ജനസമ്മിതി കൂടി അളക്കുന്ന തെരഞ്ഞെടുപ്പാണിത്. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് ഇവിടെനിന്നുള്ള വാർത്തകൾ. ആർ.ജെ.ഡിയുമായുള്ള സഖ്യം ഒഴിവാക്കാൻ നിതീഷ് കുമാർ പ്രധാനമായും ഉന്നയിച്ച പ്രധാന കാരണങ്ങളിലൊന്ന് ലാലുവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നു എന്നതായിരുന്നു. എന്നാൽ, ജോകിഹട്ട് മണ്ഡലത്തിൽ നിതീഷ് കുമാറിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്ന മുർഷിദ് ആലമിന്റെ പേരിലുള്ള ക്രിമിനൽ കേസുകൾ ഏഴെണ്ണമാണ്. അതിലൊന്ന് കൂട്ട ബലാത്സംഗമാണ്. മറ്റൊന്ന് ക്ഷേത്രത്തിൽനിന്ന് കളവുപോയ വിഗ്രഹങ്ങൾ ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയതുമാണ്.
ഇയാളെ വിജയിപ്പിച്ചാൽ ജോകിഹട്ട് മണ്ഡലത്തിൽ മൂന്നുവട്ടമെത്തുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം കേൾക്കുമെന്നുമാണ് നിതീഷ് കുമാറിന്റെ വാഗ്ദാനം. തലസ്ഥാനമായ പാറ്റ്‌നയിൽനിന്ന് 300 കിലോമീറ്റർ അകലെയാണ് ഈ മണ്ഡലം. ക്രിമിനൽ കേസ് പ്രതിയെ സ്ഥാനാർത്ഥിയാക്കിയതിനെ പറ്റി പ്രതികരിക്കാൻ നിതീഷ് കുമാർ തയ്യാറായില്ല. പ്രാദേശിക ആവശ്യപ്രകാരമാണ് മുർഷിദ് ആലമിനെ സ്ഥാനാർത്ഥിയാക്കിയത് എന്നാണ് നിതീഷ് കുമാറിന്റെ അവകാശവാദം.
ജെ.ഡി.യു എം.എൽ.എ സർഫ്രാസ് ആലം രാജിവെച്ചതിനെ തുടർന്നാണ് ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി.ജെ.പിയുമായി കൂട്ടുകൂടാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സർഫ്രാസ് ആലം രാജിവെച്ചത്. ഈയിടെ അരാരിയ ലോക്‌സഭ മണ്ഡലത്തിൽനടന്ന ഉപതെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി സ്ഥാനാർഥിയായി മത്സരിച്ച സർഫ്രാസ് ആലം വിജയിച്ചിരുന്നു.
നികിഹട്ട് മണ്ഡലത്തിൽ എന്ത് വിലകൊടുത്തും വിജയിക്കണമെന്നുമുള്ള ജെ.ഡി.യുവിന്റെ നീക്കത്തിന് ഭീഷണിയായി റിബൽ സ്ഥാനാർഥിയുടെ സാന്നിധ്യവുമുണ്ട്. കഴിഞ്ഞ രണ്ടുദിവസം ഈ മണ്ഡലത്തിൽ തേജസ്വി യാദവ് പര്യടനം നടത്തി. ലോക്‌സഭ മണ്ഡലത്തിലെ വിജയം ഇവിടെ ആവർത്തിക്കുമെന്ന് യാദവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമാണ് ബിഹാർ ഭരിക്കുന്നതെന്നും അവരുടെ പ്രതിനിധിയാണ് നിതീഷ് കുമാറെന്നും തേജസ്വി യാദവ് ആരോപിച്ചു.