- ഖാദിബോർഡ് വൈസ് ചെയർമാനായ സി.പി.എം നേതാവ് പി ജയരാജന് സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ മുടക്കി കാർ വാങ്ങിയപ്പോൾ അതിനെതിരെ വ്യാപക വിമർശം ഉയർന്നിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവിന് കാർ അനുവദിച്ചപ്പോൾ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും കാര്യമായ മിണ്ടാട്ടമില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പരിഭവം
തിരുവനന്തപുരം - പിണറായി സർക്കാറിന്റെ കടുംവെട്ടിനെതിരെ നിരന്തരം വിമർശങ്ങളുന്നയിക്കുന്ന പ്രതിപക്ഷത്തിന് 'കാർ പൂട്ടൊ'രുക്കി സർക്കാർ. കടുത്ത സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും കാൽക്കോടി രൂപയിലേറെ വരുന്ന പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് സർക്കാർ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുവദിച്ചത്.
ധൂർത്ത് ആരോപിച്ച് സർക്കാരിനെതിരെ യു.ഡി.എഫ് ധവളപത്രം ഇറക്കിയ സമയത്തുതന്നെ പ്രതിപക്ഷ നേതാവിന് പിണറായി സർക്കാർ പുതിയ കാർ അനുവദിച്ച് രാഷ്ട്രീയ കുരുക്കിലാക്കിയിരിക്കുകയാണ്. എന്നാൽ, സർക്കാറിനോട് പുതിയ കാർ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽനിന്നുള്ള വിവരം. എന്തായാലും ഇത് വാങ്ങുമോ ഇല്ലയോ എന്നതിൽ വരുംദിവസം പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയേക്കും.
കുറച്ചുമുമ്പ് ഖാദിബോർഡ് വൈസ് ചെയർമാനായ കണ്ണൂരിലെ സി.പി.എം നേതാവ് പി ജയരാജന് സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ മുടക്കി കാർ വാങ്ങിയപ്പോൾ അതിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ വ്യാപക വിമർശം ഉയർന്നിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിന് കാർ അനുവദിച്ചപ്പോൾ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും കാര്യമായ മിണ്ടാട്ടമില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പരിഭവം.
എന്നാൽ, വി.ഡി സതീശന്റെ കാർ അനവസരത്തിലല്ലെന്നാണ് അനുകൂലികളുടെ വാദം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന കാറാണ് വി.ഡി സതീശൻ ഉപയോഗിച്ചത്. ഇത് ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ്.
ഈ വാഹനം 2.75 ലക്ഷം കിലോമീറ്റർ ഓടിയത് കണക്കിലെടുത്താണ് പുതിയ വാഹനം അനുവദിച്ചതെന്നാണ് പറയുന്നത്. മൂന്ന് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ വി.ഐ.പി യാത്രയ്ക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. ഒരു ലക്ഷം കിലോമീറ്റർ ഓടിയത് അല്ലെങ്കിൽ മൂന്ന് വർഷം പഴക്കമുള്ള വാഹനങ്ങൾ വി.ഐ.പി ഉപയോഗത്തിന് നല്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടത്തിലുള്ളതെന്നും ഇവർ വ്യക്തമാക്കുന്നു.
എന്നാൽ മന്ത്രിമാരും വി.ഐ.പികളും അംബാസിഡർ കാറുകൾ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്ന പഴയ കാലത്തേതാണ് ഈ വ്യവസ്ഥയെന്നും വാദമുണ്ട്. ക്രിസ്റ്റ പോലുള്ള പുതുതലമുറ വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നതിനാൽ അഞ്ചുലക്ഷം കിലോമീറ്റർ പിന്നിട്ടവവരെ തകരാറില്ലാതെ നിരത്തിൽ ഓടുന്നതായും ഇവർ ഓർമിപ്പിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)