ശിശിരനോവുകൾ
സബീന എം. സാലി
എന്നെ പ്രണയത്തിന്റെ ചക്രവർത്തിനിയാക്കിയവനേ
പച്ചപ്പുകൾ പടിയിറങ്ങാത്ത നിന്റെ ചില്ലകൾ
എന്റെ സ്വപ്നങ്ങൾക്ക് വീണ്ടും കടുംനിറങ്ങൾ നൽകുന്നു
ശിശിരത്തിലെ മഞ്ഞുപാളികൾക്ക് തീ പിടിക്കുന്നു
പക്ഷെ, അടുത്ത ക്ഷണം ജാലകപ്പാളി തെല്ല് നീക്കിയാൽ
തണുത്ത മേഘങ്ങൾക്കിടയിൽ തല നീട്ടുന്ന
ഒരു നിമിഷത്തെ അമ്പിളിക്കാഴ്ച പോലെ
ഗാഗുൽത്തായിലെ സാൽവിയാപ്പൂക്കൾ പോലെ
ക്ഷണികമാണവയെന്ന് ഞാൻ തിരിച്ചറിയുന്നു
എത്ര പാരസ്പര്യം തമ്മിലുണ്ടെങ്കിലും
എന്റെ ഹൃദയരക്തം കാണുന്നതാണ് നിനക്കുന്മാദം
നീ എയ്തുവിടുന്ന ഓരോ അമ്പും
എത്ര വേദനയോടെയാണ് ഞാൻ ഊരിയെടുക്കുന്നത്
സ്വപ്നങ്ങളിൽ മാത്രം ജീവിക്കുന്നവളാണ്
ഞാനെന്ന നിന്റെ ഭാഷ്യം എത്ര ശരിയാണ്
പൊട്ടിയ ഗ്രാമഫോൺ റെക്കോഡ് പോലെ
പുറത്തെവിടെയോ കാറ്റാടിമരങ്ങൾ കാറ്റിലുലയുന്ന മൂളൽ
രാപ്പക്ഷികളുടെ തേങ്ങൽ
കാല്പനിക രാത്രിയുടെ ഇരുണ്ട മേഘക്കെട്ടുകൾ
രാവിരുളുമ്പോൾ രാത്രിനക്ഷത്രങ്ങൾ വിടരുമ്പോൾ
എന്റെയീ കമ്പളത്തിനുള്ളിലെ നേരിയ ഇരുളിൽ
നഷ്ടപ്പെട്ടുപോയ നമ്മുടെ ഭാഷയുടെ
ലിപികൾ തിരയട്ടെ ഞാൻ
ഭൂതകാലത്തിന്റെ ചുവരിൽ നിന്ന്
നമ്മളെ വീണ്ടും വായിച്ചെടുക്കാൻ.
ഹരിശ്രീ
രാജു കാഞ്ഞിരങ്ങാട്
ഇന്ന്
എഴുത്തിനിരുത്ത്
അരിയിൽ
അശ്രുബിന്ദുവിൻ
അകമ്പടിയാൽ
നടുവിരലാൽ ഹരിശ്രീ
നാവിൽ പൊന്നുകൊണ്ടും
അവന് ആത്മവേദന
കാണികൾക്ക്
പൊട്ടിച്ചിരി
ദുഃഖത്തിൽ നിന്ന്
ആദ്യ പാഠം
കണ്ണീർ ചാലിട്ട കവിളിൽ
അമ്മയുടെ മുത്തം
അമ്മയെ അമർത്തിപ്പിടിച്ച്
ആകാശത്തിലേക്കു നോക്കി
സൂര്യ നാളത്തിൻ മുട്ടകൾ
ആട്ടി കളിക്കുന്ന
കാറ്റിലെ ഇലകൾ
ആദ്യത്തെ
സ്വാതന്ത്ര്യ പ്രഖ്യാപനം
ഇനിയവൻ
പരന്ന സ്ലേറ്റിൽ
കല്ലുപെൻസിലിൻ
കാഠിന്യം കാട്ടും
അറിവിന്റെ
വളവും തിരിവും അറിയും
ജീവിതം
പി(പ)ച്ച വെയ്ക്കും.
മിന്നാമിനുങ്ങ്
അബൂബക്കർ കെ.ടി
ചുറ്റിലും കൂരിരുൾ മുറ്റുമിക്കാലത്തു
മിന്നാമിനുങ്ങേ
നീ എന്തു ചെയ്യാൻ?
ആരെന്തു ചെയ്താലും ഇല്ലെങ്കിലും
ഞാനെൻ ഇത്തിരി വെട്ടത്തെ
നൽകിയേക്കാം
അറിയാം എനിക്കീ
ഘനാന്ധകാരത്തിൽ
ഞാൻ ഒന്നുമല്ലെന്ന നഗ്‌ന സത്യം
എങ്കിലും എന്നാലാവുന്നതെന്തോ
നിഷ്‌ക്കാമകർമ്മിയായ്
നൽകിടും ഞാൻ!
ലോകർ എൻ സ്വത്വത്തെ
കണ്ടില്ല എങ്കിലും
സാർഥകമാകട്ടെ ജന്മം എന്റെ!
ലോകാധിനാഥൻ
എൻ കർമങ്ങൾ കാണുകിൽ ലോകം ജയിച്ചവൻ
അല്ലയോ ഞാൻ!
ഇരുളെ പഴിക്കാൻ ഇറങ്ങും ജനങ്ങളെ,
ഒരു കൊച്ചു നാളം കൊളുത്തുക നാം
അറിയണം ഇരുളിന്നുണ്മക്ക്
മേലെന്നും അതിജയം
സാധ്യമല്ലെന്ന സത്യം.
ഉപ്പ
അശ്‌റഫ് ഉറുമി
ഉപ്പയെയെഴുതുമ്പോൾ
ഒരു വേള ഞാൻ
കുഞ്ഞുമോനാകുന്നു
വാത്സല്യത്തോടെ
തോളിലേറ്റി
നടന്നയെന്റെ
കുഞ്ഞുകാലം...
എല്ലുമുറിയെ
പകലന്തിയോളം
പണിയെടുത്ത്
പോറ്റി വളർത്തിയ
പൊന്നുപ്പയുടെ
നല്ല കാലം....
പകരം വെക്കാനാവാത്തത്ര
സുകൃതവുമായി
കഴിയുമ്പോഴും
ഒരു വാക്ക് പോലും
പുറത്ത് വീഴാത്തത്ര
നിശബ്ദമായ്
കഴിയവേ
ആ കാൽക്കൽ വീണ്
വന്ദിക്കാൻ പോലും
കഴിയുന്നില്ലെനിക്കിന്ന് ....
തേടുന്നെന്നും
ഇറയോനിൽ
ഇനിയുമേറെ കാലം
ആ വദനം
കണ്ടു കൊണ്ടിരിക്കാൻ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)