കോഴിക്കോട്- തനിക്ക് ഒരു മികച്ച സിനിമയിലെ അവസരം നഷ്ടപ്പെടാനുണ്ടായ സാഹചര്യം തുറന്ന് പറഞ്ഞ് നടി ഗ്രേസ് ആന്റണി. പല കാര്യങ്ങള്‍ക്കും നോ കൊണ്ട് എന്റെ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് താരം പറഞ്ഞു. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തന്റെ ആദ്യത്തെ സിനിമയില്‍ ചില കാരണങ്ങള്‍ കൊണ്ട് പൂര്‍ണമായും സഹകരിക്കാന്‍ കഴിഞ്ഞില്ലെന്ന് താരം പറഞ്ഞു. തനിക്ക് വര്‍ക്ക് ആകാത്ത പല കാര്യങ്ങളും ആ സിനിമയില്‍ സംഭവിച്ചിട്ടുണ്ടെന്നും ഗ്രേസ് പറഞ്ഞു.
പിന്നീട് മറ്റൊരു സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്ന് താന്‍ ഇപ്പഴും അഭിനയിക്കുന്നുണ്ടോയെന്ന് ചോദിച്ചു. ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറും സംവിധായകനും താന്‍ അഭിനയം നിര്‍ത്തിയതായി പറഞ്ഞുവെന്നും, അതിനാലാണ് ഒരു സിനിമയില്‍ വിളിക്കാതിരുന്നതെന്നും ആ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞതായും താരം പറഞ്ഞു. നല്ലൊരു സിനിമയില്‍ നല്ലൊരു നടനൊപ്പം നായികയായി അഭിനയിക്കാനുള്ള അവസരം ആണ് നഷ്ടമായതെന്നും താരം പറഞ്ഞു.
പടച്ചോനെ ഇങ്ങള് കാത്തോളീ ആണ് ഗ്രേസ് ആന്റണിയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. സഖാവ് ഇന്ദു എന്ന കഥാപാത്രത്തെയാണ് ഗ്രേസ് ആന്റണി ചിത്രത്തില്‍ അവതരിപ്പിച്ചത്. നവംബര്‍ 24 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് പടച്ചോനെ ഇങ്ങള് കാത്തോളീ. റിലീസിന് ശേഷം ചിത്രത്തിന്റെ ദൈര്‍ഘ്യം വെട്ടികുറിച്ചിരുന്നു. റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ടര മണിക്കൂര്‍ ആയിരുന്നു. എന്നാല്‍ ഇത് ചുരുക്കി രണ്ട് മണിക്കൂര്‍ ആക്കുകയായിരുന്നു. പുതിയ പതിപ്പ് തിയേറ്ററുകളില്‍ വലിയ സ്വീകാര്യത നേടിയിരുന്നു.
ബിജിത് ബാല സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ആന്‍ ശീതള്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രം ഒരു പൊളിറ്റിക്കല്‍ സറ്റയറാണ്. കണ്ണൂര്‍ ജില്ലയിലെ ചിന്തമംഗലം എന്ന ഗ്രാമത്തെ ആധാരമാക്കിയാണ് കഥ നടക്കുന്നത്. രാഷ്ട്രീയം, പ്രണയം, വിശ്വാസം എന്നീ വിഷയങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. 'ദിനേശന്‍' എന്ന ഇടതുപക്ഷ നേതാവായാണ് ശ്രീനാഥ് ഭാസി എത്തിയിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം പക്വതയോടെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ്. വെള്ളം, അപ്പന്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ എത്തിയിട്ടുള്ളത്. ജോസ്‌കുട്ടി മഠത്തിലും, രഞ്ജിത്ത് മണമ്പ്രക്കാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച നാലാമത്തെ ചിത്രമായിരുന്നു പടച്ചോനേ ഇങ്ങള് കാത്തോളീ. ചിത്രം പ്രധാനമായും കോഴിക്കോട് ഭാഗങ്ങളിലാണ് ചിത്രീകരിച്ചത്. ചിത്രത്തില്‍ അഥിതി താരമായി സണ്ണി വെയ്നും എത്തിയിരുന്നു.