കല്‍പ്പറ്റ : വയനാട് ചുരത്തിലെ വ്യൂ പോയന്റ് കാണാനിറങ്ങിയ കാര്‍ യാത്രക്കാരനില്‍ നിന്ന് കാറിന്റെ താക്കോല്‍ തട്ടിപ്പറിച്ച് കുരങ്ങന്‍ ഓടി. പിന്നീട് ഉപേക്ഷിച്ച താക്കോല്‍ എടുക്കാനായി കൊക്കയുടെ സൈഡിലേക്കിറങ്ങിയ യുവാവ് അമ്പതടിയോളം താഴ്ചയിലേക്ക് വീണു. മരങ്ങള്‍ക്കിടയില്‍ തങ്ങി നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. മലപ്പുറം പൊന്‍മള സ്വദേശി അയമുവിനെയാണ്(40) ഫയര്‍ഫോഴ്‌സുകാര്‍ എത്തി രക്ഷപ്പെടുത്തിയത്.
ഇന്നലെ വൈകുന്നേരം ചുരത്തിലെ വ്യൂ പോയന്റില്‍ നില്‍ക്കുന്നതിനിടെയാണ് അയമുവിന്റെ കൈയ്യിലുണ്ടായിരുന്ന കാറിന്റെ താക്കോല്‍ കുരങ്ങന്‍ തട്ടിയെടുത്ത് ഓടിയത്. ഇത് ചുരത്തിന്റെ സൈഡിലേക്ക് ഉപേക്ഷിക്കുകയും ചെയ്തു. താക്കോല്‍ എടുക്കാനായി ധൈര്യം സംഭരിച്ച് അയമു വ്യൂപോയന്റിന്റെ കൈവരി കടന്ന് താഴേക്കിറങ്ങി. താക്കോല്‍ എടുത്ത് തിരികെ കയറുന്നതിനിടെ കാല്‍ വഴുതി 50 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കൂടുതല്‍ താഴേക്ക് വീഴാതെ ഭാഗ്യം കൊണ്ട് മരച്ചില്ലകള്‍ക്കിടയില്‍ തങ്ങി നില്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സുകാരാണ് അയമുവിനെ രക്ഷപ്പെടുത്തിയത്. ഫയര്‍ ഫോഴ്‌സുകാര്‍ എത്തുന്നത് വരെ അയമു വീണിടത്ത് തന്നെ പിടിച്ചു നിന്നു. കാലിന് ചെറിയ പരിക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് നിന്ന് കാറില്‍ ബന്ധുക്കള്‍ക്കൊപ്പം വയനാട്ടിലെത്തിയതായിരുന്നു അയമു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)