അഗര്‍ത്തല- ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇടതുമായുള്ള ധാരണപ്രകാരം അനുവദിച്ചുകിട്ടിയത് 13 സീറ്റുകളാണെങ്കിലും 17 അംഗ സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. 60 അംഗ നിയമസഭയില്‍ 48 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുബഷിര്‍ അലിയടക്കമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. തന്റെ സിറ്റിംഗ് സീറ്റായ കൈലാഷഹറില്‍ തന്നെ മുബഷിര്‍ അലി മത്സരിക്കും. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധന്‍പുരില്‍ നിന്ന് ജനവിധി തേടും. നിലവിലെ മുഖ്യമന്ത്രി മണിക് സാഹയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ധാരണപ്രകാരമുള്ള 13 സീറ്റുകള്‍ക്ക് പുറമേ ബാര്‍ജാലാ, മജലിശ്പുര്‍, ബാധാര്‍ഘട്ട്, ആര്‍.കെ. പുര്‍ മണ്ഡലങ്ങളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മണിക് സാഹക്കെതിരെ മുന്‍ ബി.ജെ.പി. എം.എല്‍.എയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ബര്‍ദോവാലി മണ്ഡലത്തില്‍ ആശിഷ് കുമാര്‍ സാഹ മണിക് സാഹയെ നേരിടും. കോണ്‍ഗ്രസിന്റെ ഏക സിറ്റിംഗ് എം.എല്‍.എ. സുദീപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍ തന്നെ മത്സരിക്കും.