Sorry, you need to enable JavaScript to visit this website.

റിയാദിലെ പ്രവാസിയെ കബളിപ്പിച്ച സി.പി.എം അഭിഭാഷകൻ അരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

മാവേലിക്കര(ആലപ്പുഴ)- ചെക്ക് കേസ് നടത്താൻ ചുമതലപ്പെടുത്തിയ അഭിഭാഷകൻ പ്രവാസി മലയാളിയായ സ്വന്തം കക്ഷിയെ കബളിപ്പിച്ച് മൂന്ന് ലക്ഷത്തോളം രൂപ കോർട്ട് ഫീസ് ഇനത്തിൽ തട്ടിയെടുത്ത കേസിൽ 48,36,800 രൂപയും പലിശയും നൽകാൻ കോടതി ഉത്തരവ്. മാവേലിക്കര വള്ളികുന്നം കടുവിനാൽ കണ്ണംകോമത്ത് വീട്ടിൽ പ്രസന്നനെ, മാവേലിക്കര ബാറിലെ അഭിഭാഷകനും മുൻ മുൻസിപ്പൽ കൗൺസിലറും സി.പി.എം മാവേലിക്കര ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ റൂബിരാജ് കാമ്പിശ്ശേരി കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് കോടതി വിധി. റൂബി രാജിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രസന്നൻ നല്കിയ കേസിൽ 48,36,800 രൂപയും കൂടാതെ 9% പലിശയും കോടതി ചെലവും അടക്കം നൽകാൻ മാവേലിക്കര സബ് ജഡ്ജ് പി.എം സുരേഷ് ആണ് ഉത്തരവായത്. 
പ്രസന്നൻ റിയാദിൽ ജോലി ചെയ്യവെ അവിടെ അയൽവാസികളായിരുന്ന കുണ്ടറ മുറിയിൽ അറപ്പുര വടക്കേതിൽ വീട്ടിൽ അലക്‌സും ഭാര്യ ബിൻസി അലക്‌സും ബന്ധു തോമസ് കുട്ടിയും ചേർന്ന് 36 ലക്ഷം രൂപ വാങ്ങിയിരുന്നു. പ്രോമിസറി നോട്ടിന്റെയും ചെക്കിന്റെയും അടിസ്ഥാനത്തിലായിരുന്നു പണം നൽകിയത്. എന്നാൽ പണം തിരികെ കൊടുക്കാത്തതിനെത്തുടർന്ന് കേസ് കൊടുക്കുന്നതിനായി റൂബി രാജിനെ, പ്രസന്നൻ ചുമതലപ്പെടുത്തുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കക്ഷികൾക്കെതിരെ സിവിൽ കേസ് കൊടുക്കാനായി കോർട്ട് ഫീസ് ഇനത്തിൽ മൂന്ന് ലക്ഷത്തോളം രൂപ റൂബിരാജ് വാങ്ങിയെടുത്തു. കേസുകൾ ഫയൽ ചെയ്യുന്നതിനായി പ്രസന്നനെക്കൊണ്ട് ഹർജികളിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ മുഴുവൻ കോർട്ട് ഫീസും അടക്കുന്നെന്ന് കാട്ടിയുളള ഹർജികളിൽ പ്രസന്നനെക്കൊണ്ട് ഒപ്പിടീപ്പിച്ച ശേഷം അവ മാറ്റി പ്രസന്നന്റെ ഒപ്പ് വ്യാജമായി ഇട്ട് പത്തിലൊന്ന് മാത്രം കോർട്ട് ഫീസ് അടച്ചുകൊണ്ടുളള കൃത്രിമ അന്യായമാണ് റൂബിരാജ് കോടതിയിൽ ഫയൽ ചെയ്തത്. ഇതോടെ ഹരജികൾ കോടതി തള്ളുകയായിരുന്നു. തുടർന്ന് പ്രസന്നൻ മാവേലിക്കര പോലീസ് മുമ്പാകെ റൂബി രാജിനെതിരെ കൃത്രിമ രേഖ ചമച്ച് കബളിപ്പിച്ചതിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസ് മാവേലിക്കര അഡീഷണൽ ജില്ലാ കോടതിയിൽ എത്തുകയും ചെയ്തു. 
റൂബി രാജിനെതിരെ പ്രസന്നൻ ബാർ കൗൺസിലിൽ നല്കിയ പരാതി റൂബിയുടെ സഹോദരനും ബാർ കൗൺസിൽ എത്തിക്‌സ് കമ്മറ്റി അംഗമായിരുന്ന അഡ്വ. റാഫി രാജിന്റെ സ്വാധീനത്താൽ തളളിപ്പോയതായും അതിനെതിരെ പ്രസന്നൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ നൽകിയ അപ്പീൽ നിലവിലുളളതായും പ്രസന്നൻ പറഞ്ഞു.പ്രസന്നന് വേണ്ടി അഡ്വ. ശൂരനാട് പി.ആർ രവീന്ദ്രൻ പിളള, അഡ്വ. ആർ മനോജ് എന്നിവർ ഹാജരായി.
 

Latest News