Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഷാർജയിൽ തിരിച്ചിറക്കി; അസാധാരണ ശബ്ദം ഉണ്ടായെന്ന് യാത്രക്കാർ

ഷാർജ - ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്ന എയർ ഇന്ത്യ വിമാനം ഒരു മണിക്കൂറിന് ശേഷം സാങ്കേതികത്തകരാർ കാരണം തിരിച്ചിറക്കി. 174 യാത്രകാരുമായി ഇന്നലെ രാത്രി 11.45-നാണ് ഷാർജയിൽ നിന്നും വിമാനം പറന്നുയർന്നിരുന്നത്. തിരിച്ചിറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ എയർപോർട്ട് ടെർമിനിലേക്ക് മാറ്റിയെങ്കിലും എപ്പോൾ പുറപ്പെടാനാകുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണെന്നാണ് റിപ്പോർട്ട്.
 വിമാനം പുറപ്പെടുമ്പോൾ തന്നെ അസാധാരണ ശബ്ദം അനുഭവപ്പെട്ടതായി യാത്രക്കാർ പറയുന്നു. എന്നാൽ, വിമാനം തിരിച്ചറിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് സാങ്കേതിക തകരാർ ഉള്ളതിനാൽ വിമാനം തിരിച്ചിറക്കുകയാണെന്ന വിവരം പൈലറ്റ് യാത്രക്കാരെ അറിയിച്ചത്.
 നാട്ടിലേക്കുള്ള ഒരു മൃതദേഹവും അവരുടെ ബന്ധുക്കളും ഗർഭിണികളും കുഞ്ഞുങ്ങളും പ്രായമായവരുമെല്ലാം വിമാനത്തിൽ ഉണ്ട്. എന്നാൽ എയർപോർട്ടിൽ തിരിച്ചിറക്കിയ യാത്രക്കാരെ മാനേജ് ചെയ്തതിൽ വിമാനക്കമ്പനിയുടെ സർവീസ് ഒട്ടും തൃപ്തികരമല്ലെന്നും റിപ്പോർട്ടുകളുണ്ട്. നേരം പുലരും വരെ യാത്രക്കാർക്ക് ഭക്ഷണം നൽകാൻ പോലും എയർ ഇന്ത്യ അധികൃതർ തയ്യാറായില്ലെന്നാണ് വിവരം. മഴമൂലം ഗതാഗതം തടസ്സമുള്ളതിനാൽ പലരും മണിക്കൂറുകൾക്കു മുന്നേ താമസസ്ഥലത്ത് നിന്നും പുറപ്പെട്ട് എയർപോർട്ടിൽ എത്തിയവരാണ്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ അടുത്ത ഹോട്ടലുകളിൽ ഒഴിവില്ലെന്ന മറുപടിയാണുണ്ടായതെന്നും പറയുന്നു. വിമാനം എപ്പോൾ നാട്ടിലെത്തുമെന്ന് പറയാനോ ബദൽ സംവിധാനം ഒരുക്കാനോ വിമാനക്കമ്പനി തയ്യാറായിട്ടുമില്ല. അടിയന്തരാവശ്യങ്ങൾക്ക് ഒന്നും രണ്ടും മൂന്നും ദിവസങ്ങൾക്ക് യാത്ര തിരിച്ചവർ അടക്കം എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്ന് യാത്രക്കാർ പറഞ്ഞു. 
 അതിനിടെ, മൃതദേഹം മറ്റു വിമാനത്തിൽ കയറ്റി വിടാൻ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് അധികൃതർ പറഞ്ഞു. ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർ ഇന്ത്യ പറയുന്നു. എന്നാൽ, പെട്ടെന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് കിട്ടുക എളുപ്പമല്ലെന്നും ഉയർന്ന ചാർജ് നൽകേണ്ടി വരുമെന്ന് യാത്രക്കാരും പറയുന്നു. എയർപോർട്ടിനടുത്ത താമസക്കാർക്ക് ടാക്‌സിക്കുള്ള തുക നൽകാമെന്ന് പറഞ്ഞ് താമസസ്ഥലത്തേക്ക് തിരിച്ചു വിട്ടിട്ടുണ്ട്. യാത്ര പുറപ്പെടാനായാൽ അവരെ ഫോണിൽ അറിയിക്കും. തകരാർ പരിഹരിച്ചതിനുശേഷം മാത്രമേ വിമാനം പുറപ്പെടൂവെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.
 രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ അറ്റകുറ്റപണിക്കായി അടച്ചിടുന്നതിനാൽ ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്കു ശേഷമേ ബദൽ മാർഗം കാണാൻ കഴിയുകയുള്ളൂ. അതുവരേയും 12 മണിക്കൂറിലധികം എയർപോർട്ടിൽ ഇരിക്കേണ്ട അവസ്ഥയിലാണെന്ന് യാത്രക്കാർ പ്രതികരിച്ചു. 

Latest News