- ഞാൻ കരയുന്നുണ്ടെങ്കിൽ അത് സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ടാണ്. വിജയികളായ ബ്രസീലിയൻ സഖ്യത്തിന്റെ ഈ നല്ല നിമിഷം ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും സാനിയ മിർസ
മെൽബൺ - ഓസ്‌ട്രേലിയൻ ഓപൺ മിക്‌സഡ് ഡബിൾസിന്റെ കലാശക്കൊട്ടിന് പിന്നാലെ വികാരാധീനയായി ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരമായ സാനിയ മിർസ.
'ഗ്രാൻസ്ലം ഫൈനൽ മകന്റെ മുന്നിൽ കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കുടുംബം ഇവിടെയുണ്ട്. 2005-ൽ മെൽബണിൽ സെറീന വില്യംസിനെതിരെ ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിച്ചാണ് കരിയർ തുടങ്ങിയത്. അന്നെനിക്ക് 18 വയസായിരുന്നു പ്രായം...' ഇത്രയും പറഞ്ഞശേഷം സാനിയയുടെ വാക്കുകൾ ഇടറുകയും കരയുകയുമായിരുന്നു. അൽപനേരം സംസാരം നിർത്തിയ സാനിയയെ തുടർന്ന് സങ്കടത്തിലും വൻ കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്.
'രോഹൻ ബോപ്പണ്ണയാണ് എന്റെ ആദ്യത്തെ മിക്‌സഡ് ഡബിൾസ് പാർട്ട്ണർ. അന്ന് എനിക്ക് 14 വയസ്സായിരുന്നു പ്രായം. രോഹന് 20. ഇപ്പോൾ തങ്ങള്ക്ക് 36 ഉം 42 മായി. ഇപ്പോഴും തങ്ങൾ കളിക്കുന്നു. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. എന്റെ അവസാന ഗ്രാൻസ്ലാം മത്സരത്തിൽ പാർട്ട്ണറായി കളിക്കാൻ രോഹനേക്കാൾ മികച്ചൊരു താരമില്ല. റോഡ് ലേവർ അരീന ഏറെ ഇഷ്ടമുള്ള ഇടമാണ്.. എന്റെ പ്രൊഫഷണൽ കരിയറിന് തുടക്കമിടുന്നത് മെൽബണിൽ വെച്ചാണ്. എന്റെ ഗ്രാൻസ്ലാം മത്സര കരിയർ അവസാനിപ്പിക്കാൻ ഇതിനേക്കാൾ മികച്ച ഒരു വേദിയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല. ഞാൻ കരയുന്നുണ്ടെങ്കിൽ അത് സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ടാണ്. വിജയികളായ മാറ്റോസ്-സ്റ്റെഫാനിയ സഖ്യത്തിന്റെ ഈ നല്ല നിമിഷം ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും വളരെ പക്വതയാർന്ന മറുപടിയും സാനിയ നൽകി.
അവസാന ഗ്രാൻസ്ലാം കിരീടനേട്ടം എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് സാനിയ തന്റെ ഗ്രാൻസ്ലാം പോരാട്ടം ഇന്ന് പുലർച്ചെ മെൽബണിൽ അവസാനിപ്പിച്ചത്. ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ-രോഹൺ ബൊപ്പണ്ണ സംഖ്യം ബ്രസീലിയൻ സഖ്യമായ ലൂയിസ സ്റ്റെഫാനിറാഫേൽ മാറ്റോസിനോടാണ് അടിയറവ് പറഞ്ഞത്.