ജറൂസലം- അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ വ്യാഴാഴ്ച ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 60 വയസ്സുള്ള സ്ത്രീ ഉള്‍പ്പെടെ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ചുരുങ്ങിയത് ഒമ്പത് പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
ജെനിന്‍ അഭയാര്‍ഥി ക്യാമ്പിലെ ക്രൂരമായ ഓപ്പറേഷന്‍ എന്ന് ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ സംഭവത്തെ വിശേഷിപ്പിച്ചു.
ജെനിന്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് ഇരച്ചുകയറിയ സൈനികരുമായി തങ്ങളുടെ പോരാളികള്‍ യുദ്ധം ചെയ്യുകയാണെന്ന് ഫലസ്തീന്‍ സായുധ ഗ്രൂപ്പായ ഹമാസും ഇസ്‌ലാമിക് ജിഹാദും പറഞ്ഞു, മരണസംഖ്യ ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
പോരാട്ടത്തിനിടയില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പാടുപെടുകയാണെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രി മെയ് അല്‍കൈല പറഞ്ഞു. ആശുപത്രിയിലെ പീഡിയാട്രിക് വാര്‍ഡിന് നേരെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചെന്നും ഇത് കുട്ടികളെ ശ്വാസംമുട്ടിക്കാന്‍ ഇടയാക്കിയെന്നും അവര്‍ ആരോപിച്ചു. സൈന്യം ഇതേക്കുറിച്ച് പ്രതികരിച്ചില്ല.
മഗ്ദ ഉബൈദ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് ജെനിന്‍ ആശുപത്രി അധികൃതര്‍ തിരിച്ചറിഞ്ഞു. വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച സായ്ബ് അസ്‌റിഖി (24) ആണ് മരിച്ചവരില്‍ ഒരാളെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. 16 പേര്‍ക്ക് പരിക്കേറ്റതായി മന്ത്രാലയം അറിയിച്ചു.