കോഴിക്കോട് - നടി മഞ്ജു വാര്യരെക്കുറിച്ച് വിവാദ വെളിപ്പെടുത്തലുമായി ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. ദിലീപ് നായകനായി എത്തിയ 'സല്ലാപം' എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്ന് മഞ്ജു വാര്യർ ഒരു പയ്യനൊപ്പം ഒളിച്ചോടിയിരുന്നുവെന്നാണ് കൈതപ്രത്തിന്റെ വെളിപ്പെടുത്തൽ. സഫാരി ചാനലിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലാണ് കൈതപ്രത്തിന്റെ വിവാദ പരാമർശം.
തന്റെ കരിയറിലെ നാഴികക്കല്ലായ ചിത്രമാണ് സല്ലാപം എന്ന് കൈതപ്രം പറഞ്ഞു. മഞ്ജുവിനെ ഈ പടത്തിലേയ്ക്ക് റെക്കമൻഡ് ചെയ്തത് ഭാര്യയാണ്. മഞ്ജുവിനെ കുറിച്ച് ഭാര്യയ്ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. തനിയ്ക്കും മഞ്ജുവിനെ ഭയങ്കര ഇഷ്ടമാണ്. സിനിമ സെറ്റിൽ ഉണ്ണിയുടെ പ്രൊഡക്ഷൻ മാനേജറായ ഒരു പയ്യനുണ്ടായിരുന്നു. ഇയാൾ മഞ്ജുവിനോട് അടുത്ത് പെരുമാറിയിരുന്നു. ഇയാളാണ് പ്രൊഡ്യൂസറെന്ന് മഞ്ജു തെറ്റിദ്ധരിച്ചിട്ടുണ്ടാകാമെന്നും കൈതപ്രം പറഞ്ഞു.
ഒരു ദിവസം ഇവരെ രണ്ടുപേരെയും കാണാനില്ല. അങ്ങനെ അന്വേഷിച്ച് നടന്നു. അവനറിയാവുന്ന ഒരു വീട്ടിൽ അന്വേഷിച്ചപ്പോൾ ഇരുവരും അവിടെ ഉണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് കരുതി ഈ പയ്യൻ മഞ്ജുവിനെ കൂട്ടി അവിടേയ്ക്കാണ് പോയത്. അങ്ങനെ തേടിപ്പിടിച്ചു. പിന്നീട് മഞ്ജുവിനെ തിരിച്ചുകൊണ്ടുവന്ന് ഉപദേശിച്ച് ശരിയാക്കി. അങ്ങനെയാണ് ഷൂട്ടിംഗ് നടന്നതെന്നും അതായിരുന്നു മഞ്ജുവിന്റെ ആദ്യ പ്രണയമെന്നും കൈതപ്രം ചൂണ്ടിക്കാട്ടി. എന്നാൽ ഒരു നടിയുടെ വ്യക്തിജീവിതം പരസ്യമാക്കിയ കൈതപ്രത്തിന്റെ നടപടിയിൽ സമൂഹമാധ്യമങ്ങളിൽ വിമർശം ഉയരുന്നുണ്ട്. സംഭവത്തോട് നടി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കണ്ണൂരിൽ സ്‌കൂൾ വാർഷികാഘോഷത്തിനിടെ സംഘർഷം; വിദ്യാർത്ഥികൾക്ക് പരിക്ക്
കണ്ണൂർ - കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിലെ വാർഷികാഘോഷത്തിനിടെ സംഘർഷം. പുറത്തു നിന്നെത്തിയ സംഘം സ്‌കൂൾ വളപ്പിൽ കയറി വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം. സ്‌കൂൾ അധികൃതർ പരാതി നൽകിയില്ലെന്നാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ തങ്ങൾ പരാതി നൽകിയിട്ടുണ്ടെന്നാണ് സ്‌കൂൾ വ്യക്തമാക്കുന്നത്.
സ്‌കൂൾ വാർഷികാഘോഷത്തിൽ പുറമേനിന്നുള്ള ആളുകൾ സംഘടിച്ചെത്തി വിദ്യാർത്ഥികളെ ആക്രമിക്കുന്നത് നിസ്സാരമല്ലെന്നും വളരെ ഗൗരവമായി പ്രശ്‌നത്തെ കണ്ട് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യം ശക്തമാണ്.