കോഴിക്കോട്- കേരളത്തിലെ തിയേറ്ററുകളിലും ഷാരൂഖ് ഖാന്റെ പത്താന് മികച്ച പ്രതികരണം. വിവാദങ്ങള്‍ സഹായകമായതിനാല്‍ പ്രധാന തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് ശ്രമിച്ച പലരും നിരാശിതരായി. സിനിമക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ മികച്ച ഇനീഷ്യല്‍ പുള്ളാണ് കേരളത്തിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ഈ സിനിമയ്ക്ക്. അതും ശക്തമായ ഒപ്പോസിഷനിടെയാണ് സിനിമയുടെ റീലീസ്. മഞ്ജു വാരിയരുടെ ആയിഷ പുതുതായി തുറന്ന സിനിപോളിസ് ഉള്‍പ്പെടെ വിവിധ മള്‍ട്ടിപ്ലക്‌സുകളില്‍ നിറഞ്ഞ സദസ്സില്‍ ഓടുന്നു. മമ്മൂട്ടിയുടെ മയക്കവും തമിഴ് ഹിറ്റ് വാരിസും ഉണ്ണി മുകുന്ദന്റെ മാളികപ്പുറവും മറ്റു മലയാള ചിത്രങ്ങളും മോശമില്ലാത്ത കലക്ഷനില്‍ മുന്നേറുന്നതിനിടെയാണ ്കിംഗ് ഖാന്റെ വിവാദ ചിത്രമെത്തിയത്.
സംഘപരിവാര്‍ സംഘടനകളുടെ ബാന്‍ പത്താന്‍ ആഹ്വാനങ്ങളൊന്നും ചിത്രത്തെ തെല്ലും ബാധിച്ചില്ല. ആരാധകര്‍ കാത്തിരുന്ന പോലെ ദ കിങ് ഈസ് ബാക്ക്. ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചുവരവ് തന്നെയാണ് ഈ ചിത്രം.
അടിമുടി ദേശസ്നേഹിയായ ഒരു സൈനികനായാണ് ഷാരൂഖ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പ്രധാന പോസിറ്റീവ് ഘടകവും ഷാരൂഖിന്റെ സ്‌ക്രീന്‍ പ്രസന്‍സും അഭിനയവും തന്നെയാണ്. വളരെ എനര്‍ജറ്റിക്കായാണ് ഷാരൂഖിനെ എല്ലാ സീനുകളിലും കാണുന്നത്. ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍, ഡിംപിള്‍ കപാഡിയ എന്നിവരും തകര്‍ത്തഭിനയിച്ചിട്ടുണ്ട്.
ഒരു ഹോളിവുഡ് സിനിമയുടെ നിലവാരമാണ് പത്താന്. സംഘട്ടന രംഗങ്ങളും വി.എഫ്.എക്സും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. നിര്‍ബന്ധമായും തിയറ്ററില്‍ കാണേണ്ട ചിത്രമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകരുടെ അഭിപ്രായം. നിലവാരമുള്ള പ്രേക്ഷകര്‍ എന്തായാലും തിയേറ്ററുകളിലെ ദൃശ്യാനുഭവം തേടിയെത്തുമെന്നാണ് കേരളത്തിലെ റിലീസിംഗ് സ്ഥാപനത്തിന്റെ പ്രതിനിധി പറഞ്ഞത്. തൃപ്തിപ്പെടുത്തുന്ന ആദ്യ പകുതിയും ത്രില്ലടിപ്പിച്ച് പ്രേക്ഷകരെ വേറെ ലോകത്ത് എത്തിക്കുന്ന രണ്ടാം പകുതിയുമാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചിത്രം. ഒരു സ്പൈ ത്രില്ലറിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ കൃത്യമായി ചേര്‍ത്തിട്ടുണ്ടെന്നാണ് ആദ്യ പ്രദര്‍ശനത്തിനു ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. മികച്ച അഭിപ്രായങ്ങളെ തുടര്‍ന്ന് പത്താന്റെ പ്രദര്‍ശനങ്ങള്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്കും സജ്ജമാക്കിയിട്ടുണ്ട്. പലേടത്തും ഫാന്‍ഷോയും ഏര്‍പ്പെടുത്തിയിരുന്നു.