ന്യൂദൽഹി- കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന കാരണങ്ങളാണ് തന്റെ രാജിയിലേക്ക് നയിച്ച പെട്ടെന്നുള്ള കാരണമെന്ന് എ.കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന അഭിപ്രായമാണ് പങ്കുവെച്ചതെന്നും അതേസമയം, കോൺഗ്രസ് നേതാക്കളിൽനിന്ന് മോശമായ പ്രതികരണമാണുണ്ടായതെന്നും അനിൽ ആന്റണി പറഞ്ഞു. സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ് ഇങ്ങനെ അധഃപതിച്ചതെന്നും അനിൽ വിമർശിച്ചു.
രാഷ്ട്രീയ കാര്യങ്ങൾ ചിന്തിക്കാതെ പ്രഫഷനൽ കാര്യങ്ങളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. കോൺഗ്രസ് പാർട്ടിയിൽനിന്നാണ് സമൂഹമാധ്യമങ്ങളിൽ ശക്തമായ ആക്രമണം ഉണ്ടായത്. 2017ലാണ് ഞാൻ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയത്. അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നേരിട്ടു പറഞ്ഞതിനാലാണ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങുന്നത്. 2019ൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും, എനിക്ക് ഇന്ത്യയിൽ ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് ഡോ.ശശി തരൂരും പറഞ്ഞതിനാലാണ് ഞാൻ കോൺഗ്രസിന്‌വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിയത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു വന്നപ്പോൾ എന്റെ പപ്പ ഉൾപ്പെടെ ഖർഗെയുടെ കൂടെ നിന്നപ്പോഴും ഞാൻ തരൂരിന്റെ കൂടെ നിന്നത് ഈ കാരണത്താലാണ്. 2019 മുതൽ കോൺഗ്രസിന് അകത്തൊരു സിസ്റ്റം ഉണ്ടാക്കിയിരുന്നു. വളരെ സാംസ്‌കാരികമായ സിസ്റ്റം. പക്ഷേ അങ്ങനെ ഒരു സിസ്റ്റം ഈ രീതിയിലേക്ക് അധപ്പതിച്ചു പോയതിൽ എനിക്കു വലിയ വിഷമമുണ്ട്. 2021 വരെ തിരഞ്ഞെടുപ്പുകളിൽ സജീവമായി ഇറങ്ങി. എന്നാൽ ഏതാനും മാസങ്ങളായി പല കാരണങ്ങളാൽ ഞാൻ മാറിനിൽക്കുകയാണ്. ഞാൻ നടത്തിയത് മോശമായ ട്വീറ്റൊന്നുമല്ല. കോൺഗ്രസിന്റെ പാർട്ടി നിലപാടിൽനിന്ന് വിരുദ്ധമായി ഒന്നും അതിൽ പറഞ്ഞിട്ടില്ല.I have resigned from my roles in @incindia @INCKerala.Intolerant calls to retract a tweet,by those fighting for free speech.I refused. @facebook wall of hate/abuses by ones supporting a trek to promote love! Hypocrisy thy name is! Life goes on. Redacted resignation letter below. pic.twitter.com/0i8QpNIoXW
— Anil K Antony (@anilkantony) January 25, 2023
രാജ്യത്തിന്റെ കാതലായ താൽപര്യങ്ങളിൽ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല എന്നു മാത്രമാണ് ഞാൻ പറഞ്ഞത്. എന്നാൽ അതിനെ വളച്ചുതിരിച്ച് മോശമായ പരാമർശങ്ങളുണ്ടാക്കി അനാവശ്യമായ വിവാദങ്ങളുണ്ടാക്കി. ഫെയ്‌സ്ബുക്കിൽ വളരെയധികം മോശമായ കമന്റുകളാണ് എനിക്കു നേരെ ഉയർന്നത്. ഇതൊക്കെ എവിടെനിന്നാണ് വരുന്നതെന്ന് എനിക്ക് നന്നായി അറിയാം. ഇത്രയ്ക്ക് സംസ്‌കാരശൂന്യരായ ഒരുപറ്റം നേതാക്കളുടെയും അണികളുടെയും ഒരു കൂടാരമായി മാറിയ ഈ കോൺഗ്രസിൽ എന്നെപ്പോലൊരാൾ പ്രവർത്തിക്കുന്നത് ഉചിതമല്ല എന്നു തോന്നിയതു കൊണ്ടാണ് രാജിവെക്കുന്നത്' അനിൽ ആന്റണി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് എതിരെയുള്ള കടന്നുകയറ്റമാണെന്ന് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ കെ. ആന്റണി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഡോക്യുമെന്ററി നിരോധിച്ചതിനെ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നതിനിടെയാണ് വിരുദ്ധാഭിപ്രായവുമായി അനിൽ കെ. ആന്റണി രംഗത്തെത്തിയത്. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്ന് മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ മകൻ കൂടിയായ അനിൽ ട്വിറ്ററിൽ കുറിച്ചു.
ബി.ജെ.പിയോട് വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നാലും ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. മാത്രമല്ല, നമ്മുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഒട്ടേറെ മുൻവിധികളുടെ വലിയ ചരിത്രമുള്ള ബ്രിട്ടൻ പിന്തുണക്കുന്ന ഒരു ചാനലാണ് ബി.ബി.സി. മാത്രവുമല്ല, ഇറാഖ് യുദ്ധത്തിന് പുറകിലെ തലച്ചോറായിരുന്നു ജാക്ക് സ്ട്രോ എന്നും അനിൽ ട്വിറ്ററിൽ കുറിച്ചു.