ബംഗളൂരു- ശാരീരിക ക്ഷമതയുള്ള ഭര്‍ത്താവിന് ഭാര്യയോട് ജീവനാംശം ചോദിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യയോട് ജീവനാംശം ചോദിക്കുന്നത് അലസത കാരണമല്ലേയെന്ന് സുപ്രധാന വിധിയില്‍ ഹൈക്കോടതി ചോദിച്ചു.
ജീവനാംശം ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹരജി തള്ളിയ ജസ്റ്റിസ് എം.നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ച് ഭാര്യക്ക് പ്രതിമാസം 10,000 രൂപ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.
ഹിന്ദു വിവാഹ നിയമത്തിലെ സെക് ഷന്‍ 24 പ്രകാരം, ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് അവരുടെ പങ്കാളികളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ കേസില്‍ ഭാര്യക്ക് ജീവനാംശം നല്‍കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഭര്‍ത്താവ് ഹരജി നല്‍കിയത്- ഉത്തരവില്‍ പറഞ്ഞു.
തൊഴിലില്ലായ്മയുടെ പേരുപറഞ്ഞ് ഭാര്യ നല്‍കുന്ന ജീവനാംശം കൊണ്ട് ജീവിക്കാനാണ് ഭര്‍ത്താവ് ആഗ്രഹിക്കുന്നത്. ഭര്‍ത്താവിന് ശാരീരികമായും മാനസികമായും കഴിവില്ലെന്ന് തെളിയിക്കപ്പെടാത്തപക്ഷം ഭാര്യയോട് ജീവനാംശം ചോദിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു.
ധാര്‍മികമായി പണം സമ്പാദിക്കുകയും ഭാര്യയെയും കുട്ടികളെയും പരിപാലിക്കുകയും ചെയ്യേണ്ടത് ഭര്‍ത്താവിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 ല്‍ സഹോദരിയുടെ മകന്റെ ജന്മദിനത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഭര്‍ത്താവ് വഴക്കിട്ടതിനെ തുടര്‍ന്ന് ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയായിരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബ കോടതിയില്‍ ഹരജി നല്‍കിയ സാഹചര്യത്തില്‍ പ്രതിമാസം 25,000 രൂപ ജീവനാംശവും കോടതി ചെലവും ഭാര്യ ആവശ്യപ്പെട്ടു. എന്നാല്‍ കോവിഡ് മഹാമാരി കാരണം രണ്ട് വര്‍ഷമായി ജോലിയില്ലെന്നും തന്റെ പക്കല്‍ പണമില്ലെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു.
സമ്പന്ന കുടുംബമായതിനാല്‍ ഭാര്യയില്‍ നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട ഇയാളുടെ ഹരജി കുടുംബ കോടതി തള്ളുകയും ഭാര്യക്ക് പ്രതിമാസം 10,000 രൂപ ജീവനാംശം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)