വിഷം കഴിച്ച് ആശുപത്രിയിലായിരുന്ന തെലുങ്ക് നടന്‍ സുധീര്‍ വര്‍മ അന്തരിച്ചു

ബംഗളൂരു- തെലുങ്ക് നടന്‍ സുധീര്‍ വര്‍മ (33) അന്തരിച്ചു. വിഷം കഴിച്ചതാണ് മരണകാരണമെന്നാണ് പോലീസ് അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ഈ മാസം 18നാണ് ഹൈദരാബാദിലെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ സുധീറിനെ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നാലെ ജനുവരി 20ന് വിശാഖപട്ടണത്തിലെ ആശുപത്രിയിലേയ്ക്ക് താരത്തെ മാറ്റി. ഞായറാഴ്ച സുധീറിന്റെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് സുധീര്‍ വര്‍മയുടെ മൃതദേഹം വിട്ടുകൊടുത്തത് എന്നും ആരോപണമുണ്ട്. താരത്തെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതരുടെ മൊഴി എടുത്തതായി പോലീസ് അറിയിച്ചു. ഇന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നാണ് വിവരം.
സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലായിരുന്നു സുധീര്‍ വര്‍മയെന്നും അവസരം ലഭിക്കാത്തതില്‍ നിരാശനായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാടക രംഗത്ത് നിന്നാണ്താരം സിനിമയിലെത്തിയത്. 'നീക്കു നാക്കു ഡാഷ് ഡാഷ്', 'കുന്ദനപ്പു ബൊമ്മ', 'സെക്കന്റ് ഹാന്‍ഡ്' എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.


 

Latest News