തിരുവനന്തപുരം-സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിലെ സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഫിറോസിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. ഫിറോസിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. കോഴിക്കോട്ട് റോഡ് ഉപരേധിച്ചു യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ല ആസ്ഥാനങ്ങളിലും പഞ്ചായത്ത് തലത്തിലും പ്രകടനം നടത്താന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിനു പിന്തുണയുമായി യൂത്ത് അഖിലേന്ത്യാ നേതൃത്വവും രംഗത്തുുണ്ട്.
ഫിറോസിന്റെ അറസ്റ്റിനെ യു.ഡി.എഫ് നേതാക്കളും വിമര്‍ശിച്ചു. ഭരണകൂട ഭീകരതയെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തമായ പ്രതിഷേധമുയരുമെന്ന് മുന്നറിയിപ്പ് നല്‍കി. പി.കെ ഫിറോസിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി തീക്കളിയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പ്രസ്താവിച്ചു.
ജനവിരുദ്ധ നയങ്ങള്‍ കൈക്കൊളളുന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കല്‍തുറുങ്കിലടക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനാധിപത്യത്തില്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് ചെയ്തിയാണെന്നും തങ്ങള്‍ പറഞ്ഞു
സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക്‌നടത്തിയ സേവ് കേരള മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തത്. അക്രമാസക്തരായ സമരക്കാര്‍ക്ക്‌നേരെ പോലീസ് പലതവണ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചിരുന്നു. ഗ്രനേഡിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കേസില്‍ 28 പേരാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. തിരുവനന്തപുരം പാളയത്തുവെച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.