ന്യൂദല്‍ഹി- നേതാജി സുഭാഷ് ചന്ദ്രബോസ് ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിന്റെ വിമര്‍ശകനായിരുന്നുവെന്ന് നേതാജിയുടെ മകള്‍ അനിത ബോസ്. നേതാജിയെ സംഘ് പരിവാര്‍ ആശയങ്ങളുമായി കൂട്ടിച്ചേര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതിനിടെയാണ് അനിതാ ബോസിന്റെ പ്രസ്താവ്. നേതാജി സോഷ്യലിസ്റ്റ് നേതാവായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നേതാജി സംഘ് വിമര്‍ശകനായിരുന്നുവെന്നതിന് തെളിവില്ലെന്ന് അനിത ബോസിന്റെ വാദത്തെ ചോദ്യം ചെയ്തുകൊണ്ട് ആര്‍.എസ്.എസ് നേതാവ് അജയ് നന്ദി പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തെയാണ് അദ്ദേഹത്തിന്റെ മകള്‍ വിമര്‍ശിക്കുന്നത്. നേതാജി ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നുവെന്നും ബിജെപിയും ആര്‍.എസ്.എസും അദ്ദേഹത്തിന്റെ നിലപാട് പ്രതിഫലിപ്പിക്കുന്നില്ലെന്നും അനിത ബോസ് പറഞ്ഞു. തന്റെ പിതാവിന്റെ പാരമ്പര്യം ഭാഗികമായി ചൂഷണം ചെയ്യാനാണ് സംഘ്പരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത്. ജനുവരി 23നാണ് ആര്‍.എസ്.എസ് നേതാജിയുടെ ജന്മവാര്‍ഷികം ആഘോഷിക്കുന്നത്.
ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രവും മതേതരത്വം ഉള്‍ക്കൊള്ളുന്ന തന്റെ പിതാവിന്റെ ആശയങ്ങളും രണ്ട് ധ്രുവങ്ങളിലാണ്. അവ പൊരുത്തപ്പെടുന്നില്ലെന്നും അനിതാ ബോസ് പറഞ്ഞു. പ്രത്യയശാസ്ത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍, രാജ്യത്തെ മറ്റേതൊരു പാര്‍ട്ടിയേക്കാളും നേതാജിയുമായി കോണ്‍ഗ്രസിനാണ് വളരെയധികം അടുപ്പമെന്ന് അനിത വ്യക്തമാക്കി.
നേതാജി പ്രചരിപ്പിച്ച എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന ആശയം ബിജെപിയും ആര്‍.എസ്.എസും പ്രതിഫലിപ്പിക്കുന്നില്ല. ഹിന്ദു മതവിശ്വാസിയായിരുന്നിട്ടും അദ്ദേഹം മറ്റ് മതങ്ങളെ ബഹുമാനിച്ചിരുന്നു. വ്യത്യസ്ത മതങ്ങളിലെ അംഗങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് അദ്ദേഹം അനുകൂലമായിരുന്നു. ആര്‍.എസ്.എസും ബിജെപിയും ഈ മനോഭാവം പ്രതിഫലിപ്പിക്കുന്നില്ല. നിങ്ങള്‍ക്ക് ലളിതമായ ഒരു ലേബല്‍ ഇടണമെങ്കില്‍ അവര്‍ വലതുപക്ഷക്കാരാണ്. എന്നാല്‍ നേതാജി ഒരു ഇടതുപക്ഷക്കാരനായിരുന്നു.
ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഞാന്‍ കേട്ടതില്‍ നിന്ന്, അതും നേതാജിയുടെ പ്രത്യയശാസ്ത്രവും ഇരു ധ്രുവങ്ങളിലാണെന്ന് ഞാന്‍ പറയും. നേതാജിയുടെ ആശയങ്ങളും നിലപാടുകളും ഉള്‍ക്കൊള്ളണമെന്ന് ആര്‍.എസ്.എസിന് തോന്നിയാല്‍ അത് തീര്‍ച്ചയായും നന്നായിരിക്കും. നേതാജിയുടെ ജന്മദിനം വ്യത്യസ്ത രീതികളില്‍ ആഘോഷിക്കാന്‍ പലരും ആഗ്രഹിക്കുന്നു. അവര്‍ അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിക്കുന്നവരായിരിക്കണം- അനിത ബോസ് പറഞ്ഞു. മകള്‍ വിശദമാക്കി.
തന്റെ പിതാവിന്റെ ജന്മവാര്‍ഷികത്തില്‍ ആര്‍.എസ്.എസ് നടത്തുന്ന ആഘോഷങ്ങള്‍ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഭാഗികമായി ചൂഷണം ചെയ്യുന്നതാണെന്നും അവര്‍ ആരോപിച്ചു. ആര്‍.എസ്.എസുകാരെ കുറിച്ച് അദ്ദേഹം വിമര്‍ശനാത്മക പ്രസ്താവനകള്‍ നടത്തിയിരിക്കാം. നേതാജിയുടെ വീക്ഷണങ്ങള്‍ എന്താണെന്ന് എനിക്കറിയാം. ആര്‍.എസ്.എസിന്റേയും. രണ്ട് മൂല്യവ്യവസ്ഥകളും ഒത്തുപോകുന്നില്ല. ആര്‍.എസ്.എസും നേതാജിയുടെ മതേതരത്വ പ്രത്യയശാസ്ത്രവും ഒരിക്കലും പൊരുത്തപ്പെടില്ല അവര്‍ കൂട്ടിച്ചേര്‍ത്തു.
നേതാജിയെ തങ്ങളുടെ പക്ഷത്തു ചേര്‍ക്കാനുള്ള ആര്‍.എസ്.എസ് അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതാണ് അദ്ദേഹത്തിന്റെ മകളുടെ ഈ വെളിപ്പെടുത്തലുകള്‍. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്ത നഗരത്തിലെ ഷാഹിദ് മിനാര്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് സംസാരിക്കും.