Sorry, you need to enable JavaScript to visit this website.

നിർമിത ബുദ്ധി ഇന്ത്യൻ കരസേനയിലേക്കും

സായുധ സേനക്ക് പിൻബലമേകാൻ ഇന്ത്യയും നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുടെ സാധ്യതകൾ തേടുന്നു. നിർമിത ബുദ്ധി സാങ്കേതിക വിദ്യയെ പ്രതിരോധ രംഗത്ത് പ്രയോജനപ്പെടുത്തുന്നതിന് നടപടികൾ ആരംഭിച്ചതായി പ്രതിരോധ സെക്രട്ടറി (ഉൽപാദനം) അജയ് കുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
ഇന്ത്യൻ കരസേനക്ക് നിർമിത ബുദ്ധിയെ ഏതൊക്കെ തരത്തിൽ ഉപയോഗപ്പെടുത്താനാകുമെന്ന് പഠിക്കാൻ പ്രേത്യക സമിതിക്ക് രൂപം നൽകിയിരിക്കയാണ്. ഈ സമിതി കരട് പദ്ധതി തയാറാക്കുമെന്നും അജയ് കുമാർ പറഞ്ഞു. നിർമിത ബുദ്ധി ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനമുറപ്പിക്കുകയാണ്. നിർമിത ബുദ്ധിയുടെ സാധ്യതകൾ എല്ലാ രംഗത്തേക്കും വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇക്കുറി ഗൂഗിളിന്റെ ഡെവലപ്പേഴ്‌സ് സമ്മേളനം സമാപിച്ചത്. നിർമിത ബുദ്ധി തന്നെ നേരിട്ട് ഒരു സലൂണിലേക്ക് വിളിച്ച് സംസാരിക്കുന്ന ഗൂഗിളിന്റെ വീഡിയോ ക്ലിപ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.


ഭാവിയിൽ നിർമിത ബുദ്ധി എല്ലാത്തിനേയും സ്വാധീനിക്കും. സാധാരണ ജീവിതത്തെയെന്ന പോലെ യുദ്ധരംഗത്തും ആർടിഫിഷ്യൽ ഇന്റലിജൻസ് അതിന്റെ ദൗത്യം നിർവഹിക്കും.
പല മുൻനിര രാജ്യങ്ങളും നിർമിത ബുദ്ധിയുടെ ഉപയോഗത്തിലൂടെ അവരുടെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയും അത്തരം നടപടികൾ സ്വീകരിച്ചുവരികയാണ്. വിവിധ പ്രതിരോധ സേനകൾ, ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ലാബ്‌സ്, സർക്കാർ, വിദഗ്ധർ, ഉദ്യോഗസ്ഥർ, സ്റ്റാർട്ട് അപ്പുകൾ, ഭാരത് ഇല്‌ക്ട്രോണിക് ലിമിറ്റഡ് എന്നിവയുടെയെല്ലാം പങ്കാളിത്തത്തോടെയായിരിക്കും പ്രതിരോധ സേനയെ നിർമിത ബുദ്ധിയിലൂടെ സജ്ജമാക്കാനുള്ള പദ്ധതി നടപ്പിലാക്കുക. 
ഐടി വ്യവസായത്തിൽ ഇന്ത്യക്കുള്ള മെച്ചപ്പെട്ട അടിത്തറ നിർമിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിൽ വലിയ പിൻബലമാവും. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെയായിരിക്കും സർക്കാർ പ്രവർത്തിക്കുകയെന്നും അജയ് കുമാർ പറഞ്ഞു. 


ചൈന, റഷ്യ, അമേരിക്ക പോലുള്ള രാജ്യങ്ങൾ നിർമിത ബുദ്ധി പ്രതിരോധ മേഖലയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളിൽ  മുന്നേറിക്കഴിഞ്ഞു.  അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അമേരിക്ക നിർമിത ബുദ്ധി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. 
മനുഷ്യന്റെ സഹായമില്ലാതെ തന്നെ സ്വയം കാര്യങ്ങൾ തിരിച്ചറിയാനും നടപടികൾ സ്വീകരിക്കാനും യന്ത്രങ്ങളെ സഹായിക്കുന്നതാണ് നിർമിത ബുദ്ധി. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്ന സോഫിയ റോബോട്ടിലൂടെ നിർമിത ബുദ്ധിയാണ് അവതരിപ്പിച്ചത്. യന്ത്രങ്ങൾക്ക് പഠിക്കാനും ചിന്തിക്കാനും സ്വയം തിരുത്താനും പ്രവർത്തിക്കാനുമുള്ള കഴിവ് നൽകാനാണ് നിർമിത ബുദ്ധി വികസിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 


 

Latest News