വാട്‌സാപ്പ് ശേഖരിച്ച വിവരങ്ങൾ പരിശോധിക്കാൻ ഐഫോൺ ഉപയോഗിക്കുന്നവർക്കും അവസരം. റിക്വസ്റ്റ് അക്കൗണ്ട് ഇൻഫോ ഫീച്ചർ ഉൾപ്പെടുത്തി ഐഫോണിനായുള്ള വാട്‌സാപ്പും അപ്‌ഡേറ്റ് ചെയ്തു.
ബീറ്റാ പതിപ്പിൽ കഴിഞ്ഞ മാസം ഈ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായിരുന്നു. അക്കൗണ്ട് ഇൻഫർമേഷൻ, സെറ്റിംഗ്‌സ് തുടങ്ങി വാട്‌സാപ്പ് നിങ്ങളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ ഡൗൺലോഡ് ചെയ്ത് പരിശോധിക്കാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.
മെയ് 25 മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റഗുലേഷൻ (ജിഡിപിആർ) നിയമത്തിനു മുന്നോടിയായാണ് വാട്‌സാപ്പും മാതൃകമ്പനിയായ ഫേസബുക്കും ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങൾ പരിശോധിക്കാനുള്ള അവസരം നൽകിയത്. എന്തൊക്കെ വ്യക്തിവിവരങ്ങളാണ് സോഷ്യൽ മീഡിയ ശേഖരിച്ചുവെച്ചിരിക്കുന്നതെന്ന് ഫേസ്ബുക്ക് ഉപയോക്താക്കൾക്കും ഡൗൺലോഡ് ചെയ്ത് പരിശോധിക്കാം.
നിങ്ങളുടെ അക്കൗണ്ട് വഴി വാട്‌സാപ്പ് ഇതുവരെ എന്തൊക്കെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നാണ് റിക്വസ്റ്റ് അക്കൗണ്ട് ഇൻഫോ പ്രകാരം അറിയാൻ കഴിയുക. നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോകളും ഗ്രൂപ്പുകളുടെ പേരുകളും ഇതിൽ ഉൾപ്പെടുന്നു.
പുതിയ ഫീച്ചറിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ അയക്കുന്ന പെഴ്‌സണൽ മെസേജുകളും വാട്‌സാപ്പ് ശേഖരിച്ചുവെക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടതില്ല. അയക്കുന്നയാൾ മുതൽ സ്വീകർത്താവ് വരെ മെസേജുകൾ എൻക്രിപ്റ്റ് ചെയ്യുന്നതിനാൽ വാട്‌സാപ്പിനു പോലും നിങ്ങളുടെ ദൈനംദിന ആശയവിനിമയത്തിൽ കൈകടത്താനാവില്ല. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് കമ്പനി ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്.
റിക്വസ്റ്റ് ഡാറ്റ ഫീച്ചർ ലഭിക്കണമെങ്കിൽ ആപ്പ് സ്റ്റോറിൽനിന്ന് 2.8.60 ഐഫോൺ പതിപ്പ് ഡൗൺലോഡ് ചെയ്യണം.
പുതിയ വാട്‌സാപ്പ് പതിപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ സെറ്റിംഗ്‌സ്> അക്കൗണ്ട്> റിക്വസ്റ്റ് അക്കൗണ്ട് ഇൻഫോയിലെത്താം.
ഇവിടെനിന്ന് റിക്വസ്റ്റ് ചെയ്താൽ നിങ്ങളുടെ റിപ്പോർട്ട് തയാറാക്കി അയക്കാൻ വാട്‌സാപ്പ് ടീം മൂന്ന് ദിവസമെടുക്കും. റിപ്പോർട്ട് തയാറായാൽ അത് ഏതാനും ആഴ്ച വരെ ഡൗൺലോഡ് ചെയ്യാൻ ലഭ്യമായിരിക്കും. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളുടെ റിപ്പോർട്ട് തയാറായൽ വാട്‌സാപ്പ് നോട്ടിഫിക്കേഷൻ അയക്കും. അക്കൗണ്ട് ഇൻഫോ റിക്വസ്റ്റ് അയച്ചതിനു ശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയോ ഫോണോ നമ്പറോ മാറ്റുകയോ ചെയ്താൽ നിങ്ങളുടെ അപേക്ഷ റദ്ദാകും.
ഇന്ത്യയിലുള്ള പേയ്‌മെന്റ് ഫീച്ചർ ഉൾപ്പെടെ അപ്‌ഡേറ്റ് ചെയ്ത ഐഫോൺ വാട്‌സാപ്പിൽ വേറെയും ഉപകാരപ്രദമായ ഫീച്ചറുകളുണ്ടെന്ന് വാബീറ്റാഇൻഫോ റിപ്പോർട്ടിൽ പറയുന്നു. നിങ്ങളുടെ കോൺടാക്റ്റിൽ ആരെങ്കിലും പുതിയ ടെലിഫോൺ നമ്പറിലേക്ക് മാറിയിട്ടുണ്ടെങ്കിൽ സ്വകാര്യ ചാറ്റിനിടയിൽ ആ വിവരം വാട്‌സാപ്പ് നൽകും. പുതിയതും പഴയതുമായ ചാറ്റുകൾ സംയോജിപ്പിക്കാനും ഫോൺ നമ്പർ മാറിയ കാര്യം മറ്റു കോൺടാക്ടുകളെ അറിയിക്കാനും ഇത് സഹായിക്കും.