ന്യൂദല്‍ഹി - വിമാനത്തില്‍ സഹയാത്രികക്കുനേരെ മദ്യലഹരിയില്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ എയര്‍ ഇന്ത്യ സി.ഇ.ഒ കാംബെല്‍ വില്‍സണ്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നതായി റിപ്പോര്‍ട്ട്. നവംബര്‍ 26ന് ന്യൂയോര്‍ക്ക് -ദല്‍ഹി യാത്രക്കിടെ ആയിരുന്നു വിവാദ സംഭവം.
നവംബര്‍ 27ന് ഉച്ചക്ക് ഒരു മണിക്ക് ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ സൂപ്പര്‍വൈസര്‍ ഉന്നതര്‍ക്ക് മെയില്‍ അയച്ചത്രെ. ഓപറേഷന്‍സ് ഇന്‍ഫ്‌ളൈറ്റ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎഫ്എസ്ഡി), ഐഎഫ്എസ്ഡി എച്ച്ആര്‍ മേധാവി, വടക്കന്‍ മേഖലയിലെ ഐഎഫ്എസ്ഡി മേധാവി, കസ്റ്റമര്‍ കെയര്‍ എന്നിവര്‍ക്കാണ് മെയില്‍ അയച്ചത്. മെയില്‍ വായിച്ച് 'ഓകെ, നോട്ടഡ്' എന്ന മറുപടി ലഭിച്ചെങ്കിലും നടപടിയുണ്ടായില്ല.
സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാത്തതിന് എയര്‍ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വിമാനം ദല്‍ഹിയിലെത്തിയപ്പോള്‍ ആരും സംഭവത്തെക്കുറിച്ച് അറിയിച്ചില്ല എന്നായിരുന്നു എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയത്. പ്രതി ശങ്കര്‍ മിശ്ര നടപടികളൊന്നും നേരിടാതെ കടന്നുകളയുകയും ചെയ്തു.