മധുര - വളർത്തുനായയെ പേര് വിളിക്കാതെ 'നായ' എന്ന് വിളിച്ചlതിന് 62-കാരനെ അയൽവാസികൾ മർദിച്ചുകൊന്നു. തമിഴ്നാട്ടിലെ ദിണ്ഡിഗൽ തടിക്കൊമ്പ് സ്വദേശിയായ രായപ്പൻ (62) ആണ് കൊല്ലപ്പെട്ടത്. കേസിൽ അയൽവാസികളായ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയൽ, വിൻസെന്റ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ രായപ്പന്റെ ബന്ധുക്കൾ കൂടിയാണ്. വളർത്തുനായയ്ക്ക് തങ്ങൾ നൽകിയ പേര് മാത്രമേ വിളിക്കാവൂ എന്നും, നായ എന്ന് വിളിക്കരുതെന്നും പ്രതികൾ പലതവണ രായപ്പനോട് പറഞ്ഞിരുന്നുവത്രെ. ഇത് അനുസരിക്കാത്തതിനെ തുടർന്നാണ് മർദ്ദിച്ചു കൊലപ്പെടുത്തിയത്. വ്യാഴാഴ്ച കൃഷിയിടത്തിലുള്ള മോട്ടോർ ഓഫ് ചെയ്യാൻ രായപ്പൻ കൊച്ചുമകനോട് പറഞ്ഞു. പോകുമ്പോൾ ഒരു വടി കൈയിൽ കരുതണമെന്നും നായ ഉണ്ടാകുമെന്നും കുട്ടിയോട് പറയുന്നത് പ്രതികളിൽ ഒരാളയ ഡാനിയൽ കേട്ടു. തുടർന്ന് ഡാനിയൽ വന്ന് വയോധികന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. പ്രകോപിതരായ മറ്റു പ്രതികളും വയോധികനെ മർദിച്ചതോടെ നിലത്തുവീണു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നും ഡാനിയലാണ് വയോധികനെ ക്രൂരമായി മർദിച്ചതെന്നും പോലീസ് പറഞ്ഞു. വയോധികൻ മരിച്ചതോടെ അയൽവാസികൾ സ്ഥലം വിട്ടെങ്കിലും പോലീസ് അവരെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി.
ജമ്മുവിൽ ഇരട്ട സ്ഫോടനത്തിൽ ആറു പേർക്കു പരിക്ക്
ജമ്മു - ജമ്മുവിൽ ഇരട്ട സ്ഫോടനത്തിൽ ആറു പേർക്കു പരിക്കേറ്റു. ജമ്മു സിറ്റിയിലെ നർവാൾ മേഖലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പോലീസ് അറിയിച്ചു.
പരിക്കിന്റെ തീവ്രത വ്യക്തമല്ല. പ്രദേശം പൂർണമായും പോലീസ് നിയന്ത്രണത്തിലാണെന്ന് ജമ്മു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എ.ഡി.ജി.പി) മുകേഷ് സിംഗ് പറഞ്ഞു.
സ്ഫോടനമുണ്ടായ പ്രദേശം വാണിജ്യ പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമാണ്. കൂടാതെ എല്ലാവിധ വാഹനങ്ങളും ഉള്ള ആളുകൾ അറ്റകുറ്റപ്പണികൾക്കും മറ്റുമായി സ്ഥലം സന്ദർശിക്കുന്നതിനാൽ ദിവസം മുഴുവൻ തിരക്കിലാണ്. ടയറുകൾ, സ്പെയർ പാർട്സ്, ജങ്ക് ഡീലർമാർ, കാർ ആക്സസറികൾ എന്നിവയുടെ നിരവധി കടകൾ ഇവിടെയുണ്ട്.
ട്രാൻസ്പോർട്ട് നഗറിലെ ഏഴാം നമ്പർ യാർഡിലെ രണ്ട് വാഹനങ്ങളിൽ നിന്നാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയാണെന്ന് മുതിർന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനിടെ, ഭീകരാക്രമണമാണ് നടന്നതെന്നും ഒറ്റപ്പെട്ട റിപ്പോർട്ടുകളുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.