Sorry, you need to enable JavaScript to visit this website.

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളുടെ കണ്ണുകൾ എലി കരണ്ടു

ഭോപ്പാൽ- ആശുപത്രിയിലെ മോർച്ചറിയിൽനിന്ന് മൃതദേഹങ്ങളുടെ കണ്ണുകൾ നഷ്ടമായി. പതിനഞ്ചു ദിവസത്തിനിടെ രണ്ടു മൃതദേഹങ്ങളുടെ കണ്ണുകളാണ് നഷ്്ടമായത്. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ മോർച്ചറിയിലാണ് സംഭവം. കണ്ണുകൾ എലികൾ കരണ്ടെടുത്തുവെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. 32 കാരനായ മോത്തിലാൽ ഗൗണ്ട്, 25-കാരനായ രമേഷ് അഹിവാർ എന്നിവരുടെ കണ്ണുകളാണ് ചൂഴ്‌ന്നെടുത്തത്. അമേത് ഗ്രാമത്തിലെ ഒരു ഫാമിൽ ബോധരഹിതനായി വീണതിനെ തുടർന്നാണ് മോത്തിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ പോസ്റ്റ്‌മോർട്ടത്തിനായി ഡോക്ടർ എത്തിയപ്പോഴാണ് മൃതദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടതായി കണ്ടത്. ആ സമയം ഡീപ് ഫ്രീസറിന്റെ തകരാർ മൂലം മൃതദേഹം മോർച്ചറിയിലെ തുറന്ന മേശപ്പുറത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.
രമേഷ് അഹിവാറിനെ ജനുവരി 16 ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച രമേഷ് പിറ്റേന്ന് രാത്രി മരിച്ചു. ആരെയും അറിയിക്കാതെ ജനുവരി 15ന് രമേഷ് എങ്ങോട്ടോ പോയിരുന്നു. അടുത്ത ദിവസമാണ് ഇയാളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. വിഷയം മെഡിക്കോ ലീഗൽ ആയതിനാൽ ആശുപത്രി മാനേജ്‌മെന്റ് രണ്ടുതവണ പോലീസിനെ വിളിച്ചു. ജനുവരി 19ന് ഡീപ് ഫ്രീസറിൽ നിന്ന് മൃതദേഹം പുറത്തെടുക്കുമ്പോൾ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. മൃതദേഹം സാധാരണഗതിയിൽ പ്രവർത്തിക്കുന്ന മോർച്ചറിയിൽ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ജില്ലാ ആശുപത്രി റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ.അഭിഷേക് താക്കൂർ പറഞ്ഞു. മൃതദേഹത്തിന്റെ കണ്ണിൽ എലി കടിച്ചുകീറാനുള്ള സാധ്യതയിലേക്കാണ് പ്രാഥമികാന്വേഷണം വിരൽചൂണ്ടുന്നത്. മോർച്ചറിയിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചുവരികയാണ്. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും.
 

Tags

Latest News