Sorry, you need to enable JavaScript to visit this website.

VIDEO രണ്ട് വനിതാ പോലീസുകാര്‍ വയോധികനെ പട്ടാപ്പകല്‍ ലാത്തികൊണ്ട് തല്ലിച്ചതച്ചു

പട്‌ന- ബീഹാറിലെ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വയോധികനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പട്ടാപ്പകല്‍ റോഡില്‍ രണ്ട് വനിതാ പോലീസുകാര്‍ വൃദ്ധനെ മര്‍ദിക്കുന്നതാണ്
മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പുറത്തുവിട്ട വീഡിയോ.
പോലീസുകാരിയുടെ തുടര്‍ച്ചയായുള്ള ലാത്തിയടിയില്‍നിന്ന്  രക്ഷപ്പെടാന്‍ വയോധികന്‍ പരമാവധി ശ്രമിക്കുന്നു.
പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ടാഗ് ചെയ്ത് കൊണ്ട് ദല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മലിവാളും വീഡിയോ ട്വീറ്റ് ചെയ്തു.
ധാരാളം പേര്‍ അവിടെ ഉണ്ടായിട്ടും പ്രധാന റോഡില്‍ അടിയേല്‍ക്കുന്ന സ്‌കൂള്‍ അധ്യാപകനായ വയോധികനെ രക്ഷിക്കാന്‍ ആരും ഇടപെടുന്നില്ല.  സംഭവം ആളുകള്‍ കണ്ടുനില്‍ക്കുകയാണ്.
വര്‍ഷങ്ങളായി കൈമൂരിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ ജി. പാണ്ഡേക്കാണ് പോലീസുകാരുടെ മര്‍ദനമേറ്റത്.  അടിയേറ്റ് നിലത്തുവീണ അധ്യാപകന്‍ എഴുന്നേല്‍ക്കാന്‍ കുറച്ച് സമയമെടുത്തുവെന്നും വീഡിയോ പോസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
ഈ ബാബ തെറ്റുകള്‍ ചെയ്തിട്ടുണ്ടാകുമെങ്കിലും 70 വയസ്സുള്ള മനുഷ്യനെ മൃഗത്തെപ്പോലെ ഇങ്ങനെ തല്ലാന്‍ പാടുണ്ടോ. ഇത് ഏത് തരത്തിലുള്ള നിയമപാലനമാണ്? തുടങ്ങിയ ചോദ്യങ്ങളാണ് വീഡിയോക്ക് താഴെ ആളുകള്‍ ചോദിക്കുന്നത്. ബിഹാര്‍ പോലീസിന്റെ പ്രതികരണം അറിവായിട്ടില്ല. ബിഹാര്‍ ഭരണത്തിനെതിരായ പ്രചാരണത്തിന് എതിരാളികള്‍ ഈ വീഡിയോ പരമാവധി ഉപയോഗിക്കുന്നുണ്ട്.

 

Latest News